

ചെക്ക് റിപ്ലബ്ലിക്കിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ദക്ഷിണ കൊറിയ. ആദ്യം ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഏഷ്യൻ വമ്പന്മാർ ശക്തി തെളിയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
മത്സരത്തിന്റെ 59-ാം മിനിറ്റിൽ ലാഡിസ്‌ലാവ് ക്രെഷിയിലൂടെ ചെക്ക് മുന്നിലെത്തിയെങ്കിലും 66-ാം മിനിറ്റിൽ ഹ്വാങ് ഇൻ-ബിയോമും, 80–ാം മിനിറ്റിൽ ഓ ഹ്യുങ്-ഗ്യു എന്നിവരുടെ ഗോളിലൂടെ ദക്ഷിണ കൊറിയ തിരിച്ചടിച്ചു.
ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും 65 ശതമാനം പന്തടക്കത്തോടെ കളി നിയന്ത്രിച്ച ദക്ഷിണ കൊറിയയെ ഞെട്ടിച്ചുകൊണ്ടാണ് ചെക്യയുടെ ഗോൾ പിറന്നത്.
പ്രതിരോധത്തിൽ ഉറച്ചുനിന്ന ചെക്ക് ടീം കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ കണ്ടെത്തിയത്. വ്ലാഡിമിർ കൂഫൽ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ ക്രെഷി വലയിലാക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ ദക്ഷിണ കൊറിയ ആക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ പിഎസ്ജി താരം ലീ കാങ്-ഇൻ നൽകിയ മികച്ച പാസ് സ്വീകരിച്ച് മിഡ്‌ഫീൽഡർ ഹ്വാങ് ഇൻ-ബിയോം ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചർ ഷോട്ട് ചെക്ക് ഗോളി മാറ്റേജ് കോവാറിനെ മറികടന്ന് വലയിൽ പതിച്ചു.
ഗോൾ വീണതിന് തൊട്ടുപിന്നാലെ കൊറിയൻ കോച്ച് തങ്ങളുടെ സ്റ്റാർ ഫോർവേഡ് സൺ ഹ്യുങ് മിന്നിനെ പിൻവലിച്ച് ഓ ഹ്യുങ്-ഗ്യുവിനെ കളത്തിലിറക്കി.
ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ഓ ഹ്യുങ്-ഗ്യു സ്കോർ ചെയ്തു. ഹ്വാങ് ഇൻ-ബിയോം വലതുവിങ്ങിൽ നിന്നു നൽകിയ ക്രോസ് സ്വീകരിച്ച് ഓ ഹ്യുങ്-ഗ്യു പന്ത് ചെക്ക് വലയിലേക്ക് പായിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയുടെ 12–ാം ലോകകപ്പും തുടർച്ചയായ 11–ാം ലോകകപ്പുമാണ്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിച്ച രാജ്യമാണ് ദക്ഷിണകൊറിയ. അതേസമയം, 20 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പിലേക്ക് മടങ്ങിയെത്തുന്നത്.
content highlights:south-korea-beats-czech-republic-fifa-world-cup-2026-group-stage]