

കേരള ക്രിക്കറ്റ് അണ്ടര്‍ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മാനവ് കൃഷ്ണ ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടെസ്റ്റ് ടീമിലാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിങ്ങും വിക്കറ്റിന് പിന്നിലെ മിന്നല്‍ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജേഴ്‌സിയിലേക്ക് നയിച്ചത്.
കഴിഞ്ഞ അണ്ടര്‍-19 സീസണില്‍ മാത്രം 592 റണ്‍സ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാര്‍ ട്രോഫിയില്‍ തുടരെ രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടിയിരുന്നു. സൗരാഷ്ട്രയ്ക്കെതിരെ 189 റണ്‍സും ഹൈദരാബാദിനെതിരെ 144 റണ്‍സുമാണ് മാനവ് നേടിയത്. ഡല്‍ഹിയില്‍ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് മികച്ച കായികക്ഷമതയും നേതൃപാടവവും തെളിയിച്ച താരം കേരളത്തിന്റെ അണ്ടര്‍-16, അണ്ടര്‍-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്. 2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളായ മാനവ്, 2026 ജനുവരിയില്‍ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാന്‍ സന്ദര്‍ശിച്ച കേരള ടീമിലും മാനവ് ഇടം പിടിച്ചിരുന്നു.
എന്‍എസ്‌കെ ട്രോഫിയിലെ 'പ്രോമിസിങ് യങ്സ്റ്റര്‍' പുരസ്‌കാര ജേതാവായ മാനവ്, ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍ 19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണനാണ് പിതാവ്,മാതാവ് അനിത. തിരുവനന്തപുരത്തെ എസ് എസ് ഷൈന്‍ ആണ് മാനവിന്റെ പരിശീലകന്‍.
content highlights: Malayali player in Indian Under-19 team; Thiruvananthapuram native Manav Krishna selected for the national team