സിബിഎസ്ഇ മൂല്യനിർണയം: നടന്നത് ​ഗുരുതര ക്രമക്കേട്; ഒഎസ്എം ട്രയൽ റണ്ണിൽ പിഴവുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്

മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്

സിബിഎസ്ഇ മൂല്യനിർണയം: നടന്നത് ​ഗുരുതര ക്രമക്കേട്; ഒഎസ്എം ട്രയൽ റണ്ണിൽ പിഴവുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്
dot image

ന്യൂഡൽഹി‌: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും കോൺഗ്രസ്സ് ആരോപിച്ചു.

ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. അതേസമയം, പുനർമൂല്യ നിർണയത്തിനായി സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ദില്ലി യിലെ അഞ്ചു സ്കൂളുകളിൽ ഓൺ സ്‌ക്രീൻ മാർക്കിങ്ങിന്റെ ട്രയൽ റൺ നടത്തിയത്. മൂല്യനിർണയം നടത്തുമ്പോഴും ഉത്തരക്കടലാസ്സുകൾ സ്കാൻ ചെയ്യുമ്പോഴും പിഴവുകൾ ഉണ്ടാകുമെന്ന് ട്രയൽ റണ്ണിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് അവഗണിച്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സിബിഎസ്ഇ ഒഎസ്എം നിർബന്ധമാക്കിയത്.

ആരോപണങ്ങളെ തുടർന്ന് ഒഎസ്‌എം കരാർ വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. ദില്ലിയിലെ സിബിഎസ്ഇ ആസ്ഥാനത്തേക്ക് എൻഎസ്‌യുഐ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.

Content Highlights: A review has reportedly identified serious lapses in the CBSE Class 12 evaluation process, raising concerns among students, parents, and education experts.

dot image
To advertise here,contact us
dot image