'ബ്ലാസ്റ്റേഴ്സിൽ ഡ്രൈവർ മുതൽ ഫോട്ടോഗ്രാഫർ വരെ മാറി, എല്ലാത്തിനും കാരണം കരോലിസ്'; തുറന്നടിച്ച് മുൻ ക്യാപ്റ്റൻ

ക്ലബ്ബിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ആരാധകരെയും പ്രത്യേകിച്ച് മഞ്ഞപ്പടയെയും ജെസൽ പ്രശംസിച്ചു

'ബ്ലാസ്റ്റേഴ്സിൽ ഡ്രൈവർ മുതൽ ഫോട്ടോഗ്രാഫർ വരെ മാറി, എല്ലാത്തിനും കാരണം കരോലിസ്'; തുറന്നടിച്ച് മുൻ ക്യാപ്റ്റൻ
dot image

കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റുമായി ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കേ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ ജെസല്‍ കാര്‍നെയ്റോ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ജെസൽ. കരോലിസും സിഇഒ അഭിക് ചാറ്റർജിയും ആരാധകരുടെ വികാരങ്ങൾ വെച്ച് കളിക്കുകയാണെന്ന് ജെസൽ വീഡിയോയിലൂടെ കുറ്റപ്പെടുത്തി.

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിലും ടീം മാനേജ്‌മെന്റിന്റെ നയ നിലപാടുകളിലും പ്രതിഷേധിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ടീമിന്റെ മത്സരങ്ങൾ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് ജെസലിന്റെ തുറന്നുപറച്ചിൽ. ക്ലബ്ബിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ആരാധകരെയും പ്രത്യേകിച്ച് മഞ്ഞപ്പടയെയും അദ്ദേഹം പ്രശംസിച്ചു. ഒപ്പം ക്ലബ്ബ് ഉടമകൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

'കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും കാരണം കരോലിസാണ്. ഇത് എന്റെ വാക്കുകളായി തന്നെ എടുത്തോളൂ. ബ്ലാസ്റ്റേഴ്സിൽ ബസ് ഡ്രൈവർ മുതൽ ഫോട്ടോഗ്രാഫർ വരെ എല്ലാവരും മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാറാത്തത് കരോലിസ് മാത്രമാണ്. അദ്ദേഹം എവിടെയാണ്? എന്തുകൊണ്ടാണ് കരോലിസ് ആരാധകരെ അഭിമുഖീകരിക്കാത്തത്?', ജെസൽ ചോദിച്ചു.

'എനിക്ക് ടീമിന്റെ ഉടമയായ പ്രസാദ് സാറിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ ബഹുമാനിക്കും. പക്ഷേ എന്റെ സഹോദരാ നിഖിൽ (കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡയറക്ടർ), നിങ്ങളെ പിറകോട്ടടിക്കുന്നതും തടഞ്ഞുനിർത്തുന്നതും എന്താണ്? നിങ്ങൾക്ക് മുന്നിലാണ് എല്ലാം നടക്കുന്നത്. ആരാധകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്, സാധ്യമായതെല്ലാം കാണിച്ചുതന്നുകൊണ്ട് മഞ്ഞപ്പടയും അവരുടെ പങ്ക് നിർവഹിക്കുന്നുണ്ട്'

'നിങ്ങളാണ് ക്ലബ്ബിന്റെ ഉന്നതാധികാരി. ആവശ്യമായതെല്ലാം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. യാതൊരു ഫലവുമുണ്ടാക്കാതിരുന്നിട്ടും ഈ കരോലിസ് എന്തുകൊണ്ടാണ് ഇപ്പോഴും ക്ലബ്ബിൽ തുടരുന്നതെന്ന് എനിക്കറിയില്ല. എനിക്ക് ഇത് ശരിക്കും മനസ്സിലാകുന്നില്ല', ജെസൽ കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്സിന്റെ മുൻ ക്യാപ്റ്റന്റെ തുറന്നുപറച്ചിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്ന് സീസണുകൾ ചിലവഴിച്ച ഈ ഗോവൻ പ്രതിരോധ താരം, ടീം മൂന്നാം ഐ‌എസ്‌എൽ ഫൈനൽ കളിച്ച 2021-22 സീസൺ ഉൾപ്പെടെ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്.

Content Highlight: Former captain Jessel Carneiro blames Sporting Director Karolis Skinkys for Kerala Blasters’s failure

dot image
To advertise here,contact us
dot image