

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി - ബെംഗളൂരു എഫ്‌സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ ബെംഗളൂരു ആരാധകർ വംശീയ അധിക്ഷേപം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നൽകിയ പരാതി അച്ചടക്ക സമിതിക്ക് കൈമാറിയിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. ഏപ്രിൽ 11ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കളിക്കിടെ ബ്ലാസ്റ്റേഴ്സ് താരത്തെ ബെംഗളൂരു എഫ്‌സി ആരാധകർ അധിക്ഷേപിച്ചെന്നാണ് പരാതി. എന്നാൽ, ഏത് താരത്തിനെതിരെയാണ് വംശീയ അധിക്ഷേപം നടന്നതെന്ന് വ്യക്തമല്ല. 'വംശീയതയോട് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല, ഫുട്ബോൾ മൈതാനങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് സ്ഥാനമില്ല'; എഐഎഫ്എഫ് വ്യക്തമാക്കി.
ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെ വംശീയ അധിക്ഷേപം ഉണ്ടായതായി സ്ഥിരീകരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടിരുന്നു. ഒപ്പം ഈ പ്രവൃത്തിയെ ക്ലബ് ശക്തമായി തന്നെ അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഫുട്ബോളിൽ വംശീയതയ്ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ക്ലബ് സംഭവത്തിന് പിന്നാലെ ഐഎസ്‌എൽ, എഐഎഫ്‌എഫ് അധികാരികളെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ എഐഎഫ്എഫ് പരാതി അച്ചടക്ക സമിതിക്ക് കൈമാറിയത്.
ശ്രീകണ്ഠീരവയിൽ ബെംഗളുരുവിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ചരിത്രജയം സ്വന്തമാക്കിയിരുന്നു. ഇന്ന് സ്വന്തം തട്ടകമായ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആരാധക കൂട്ടമായ മഞ്ഞപ്പട ടീമിന്റെ മത്സരങ്ങൾ ബഹിഷ്കരിച്ചതിന് ശേഷമുള്ള ആദ്യ ഹോം മത്സരം കൂടിയാണ് ഇന്നത്തേത്.
Content highlight: Racial abuse towards Kerala Blasters FC player