ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് 'കുട്ടികളുടെ ജേഴ്‌സി' നല്‍കി AIFF; പരാതിയുമായി താരങ്ങള്‍

മത്സരം തുടങ്ങാൻ രണ്ട് ദിവസം മുൻപ് ജേഴ്‌സികൾ എത്തിയപ്പോഴാണ് താരങ്ങൾക്ക് തീരെ പാകമാകാത്ത ചെറിയ സൈസിലുള്ളതാണെന്ന് കണ്ടെത്തിയത്

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് 'കുട്ടികളുടെ ജേഴ്‌സി' നല്‍കി AIFF; പരാതിയുമായി താരങ്ങള്‍
dot image

എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് പോരാട്ടം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ടീം ജേഴ്‌സി പ്രതിസന്ധിയിൽ. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിനായി എത്തിയ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അയച്ചുനൽകിയത് പ്രായപൂർത്തിയാകാത്ത ജൂനിയർ ടീമുകൾക്കായി നിർമ്മിച്ച ജേഴ്സികൾ. ഈ ജേഴ്‌സികൾ താരങ്ങൾക്ക് പാകമാകാത്തതിനെത്തുടർന്ന് ഓസ്‌ട്രേലിയയിലെ പ്രാദേശിക വിപണിയിൽ നിന്ന് പുതിയ കിറ്റുകൾ വാങ്ങാൻ അധികൃതർ നിർബന്ധിതരായി.

ആദ്യം ഡൽഹിയിൽ നിന്നുള്ള ജേഴ്‌സികൾ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിൽ അനുമതിയുമായി ബന്ധപ്പെട്ട കാലതാമസം നേരിട്ടിരുന്നു. തുടർന്ന് ടീം ഫോട്ടോ ഷൂട്ടും ഒഫീഷ്യൽ എക്യുപ്‌മെന്‍റ് ചെക്കും മാറ്റിവെക്കാൻ താരങ്ങൾ സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മത്സരം തുടങ്ങാൻ രണ്ട് ദിവസം മുൻപ് ജേഴ്‌സികൾ എത്തിയപ്പോഴാണ് താരങ്ങൾക്ക് തീരെ പാകമാകാത്ത ചെറിയ സൈസിലുള്ളതാണെന്ന് കണ്ടെത്തിയത്.

ഇത് 26 അംഗ ടീമിലെ 80 ശതമാനം താരങ്ങൾക്കും പാകമാകാത്തതിനെത്തുടർന്ന് ഓസ്‌ട്രേലിയയിലെ പ്രാദേശിക വിപണിയിൽ നിന്നും തിരക്കിട്ട് പുതിയ കിറ്റുകൾ കണ്ടെത്തേണ്ടി വന്ന സാഹചര്യമുണ്ടായി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ ടീമിനെ മാനസികമായി തളർത്തിയെന്നും മത്സരത്തിന് തൊട്ടുമുമ്പുള്ള നിർണ്ണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും താരങ്ങൾ എഐഎഫ്‌എഫിന് അയച്ച കത്തിൽ പരാതിപ്പെട്ടു.​ രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിക്കാനിറങ്ങുമ്പോൾ കുറഞ്ഞത് പ്രൊഫഷണൽ നിലവാരമുള്ളതും ശരിയായ അളവിലുള്ളതുമായ വസ്ത്രങ്ങളെങ്കിലും നൽകേണ്ടതുണ്ടെന്ന് താരങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു പ്രധാന ടൂർണമെന്റിന് മുൻപ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: India Face Kit Chaos: Women's football team sent undersized jerseys, forced to buy local kits in Australia

dot image
To advertise here,contact us
dot image