'കാരിക്കിന് ഇനിയും സമയമുണ്ട്'; ചെല്‍സിക്കെതിരെയും കാരിക്ക് പരിശീലിപ്പിക്കും

കാരിക്കിനെ പുറത്താക്കണമെന്ന ആവശ്യങ്ങള്‍ക്കിടയിലും ചെല്‍സിക്കെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറായി തുടരുമെന്ന് റിപ്പോര്‍ട്ട്

'കാരിക്കിന് ഇനിയും സമയമുണ്ട്'; ചെല്‍സിക്കെതിരെയും കാരിക്ക് പരിശീലിപ്പിക്കും
dot image

തുടര്‍ച്ചയായ 8 മത്സരങ്ങളില്‍ ജയമില്ലാതെ വലയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മൈക്കല്‍ കാരിക്കിന്റെ ഭാവി അപകടത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും, ഈ വാരാന്ത്യത്തില്‍ ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ അദ്ദേഹം തന്നെ ടീമിനെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച സ്വന്തം തട്ടകത്തില്‍ ബോണ്‍മത്തിനോട് 3-0 ന് അടിയറവ് പറഞ്ഞതോടെ ഇംഗ്ലീഷ് വന്‍കിടക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് റെലഗേഷന്‍ സോണിന് തൊട്ടുമുകളില്‍ ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് നിലനില്‍ക്കുന്നത്. എങ്കിലും, ശനിയാഴ്ച സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്കെതിരെ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ യുണൈറ്റഡ്, ഇംഗ്ലണ്ട് മിഡ്ഫീല്‍ഡറായ കാറിക്ക് തന്നെ ടീമിന്റെ ചുമതല വഹിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച ടീമിന്റെ പതിവ് പരിശീലന സെഷനുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കാരിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാറിംഗ്ടണ്‍ ട്രെയിനിംഗ് ഗ്രൗണ്ടിലെത്തിയിരുന്നു. സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 45-കാരനായ കാരിക്കിന് യുണൈറ്റഡ് മാനേജ്മെന്റ് ഒരു അവസരം കൂടി നല്‍കുമെന്ന് ക്ലബ്ബ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി വ്യക്തമാക്കി.

റൂബന്‍ അമോറിമിന് കീഴില്‍ തിരിച്ചടി നേരിട്ട യുണൈറ്റഡില്‍ ഇടക്കാല പരിശീലകനായി എത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന്, കഴിഞ്ഞ മെയ് മാസത്തിലാണ് കാരിക്കിന് രണ്ട് വര്‍ഷത്തെ സ്ഥിര കരാര്‍ നല്‍കിയത്. തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി കളിച്ച 12 മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് യുണൈറ്റഡിന് ജയിക്കാനായത്. ലീഗിലെ 8 മത്സരങ്ങളില്‍ നിന്ന് വെറും 7 പോയിന്റുകള്‍ മാത്രം നേടിയത് കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ക്ലബ്ബിന്റെ ഏറ്റവും മോശം സീസണ്‍ തുടക്കമാണ്.

ബോണ്‍മത്തിനെതിരായ തോല്‍വിക്ക് ശേഷം തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കാന്‍ കാറിക്ക് തയ്യാറായിരുന്നില്ല. മത്സരശേഷം പ്രതിസന്ധിയിലായ മാനേജര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആരാധകര്‍ അദ്ദേഹത്തിന്റെ പേര് വിളിച്ചുപറഞ്ഞപ്പോള്‍ കാരിക്ക് ഗാലറിയെ അഭിവാദ്യം ചെയ്തിരുന്നു. എന്നാല്‍ കളിക്കാര്‍ക്കും ക്ലബ്ബ് മാനേജ്മെന്റിനുമെതിരെ ആരാധകര്‍ കടുത്ത രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

മൈക്കല്‍ കാറിക്കിനൊപ്പം ഓള്‍ഡ് ട്രഫോര്‍ഡില്‍ കളിച്ചിട്ടുള്ള മുന്‍ യുണൈറ്റഡ് ഇതിഹാസം വെയ്ന്‍ റൂണി, ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കളിക്കാരെ രൂക്ഷമായി വിമര്‍ശിച്ചു. 'കളിക്കാര്‍ക്ക് സ്വയം ന്യായീകരിക്കാന്‍ യാതൊരു വഴിയുമില്ല. അവര്‍ പുറത്തെടുക്കുന്ന പ്രകടനം ഒട്ടും നീതിയുക്തമല്ല' -റൂണി പറഞ്ഞു. 'ഞാന്‍ ആരാധകരെ നോക്കി, ആ കളിക്കാര്‍ ഗ്രൗണ്ടിലൂടെ നടക്കുമ്പോള്‍ ആരാധകരുടെ മുഖത്ത് കടുത്ത വേദനയും രോഷവും എനിക്ക് കാണാമായിരുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: 'Carrick Still Has Time': Michael Carrick to Lead Manchester United Against Chelsea

dot image
To advertise here,contact us
dot image