

ഇന്ത്യൻ പാരമ്പര്യ വസ്ത്രമായ സാരി അണിയാൻ പഠിച്ച് എമിറാത്തി സ്ത്രീകളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുടെ ഭാര്യമാരും. 'സിക്സ് യാർഡ്സ് ഓഫ് ഇന്ത്യ – ദി സാരി സ്റ്റോറി' (six yard of india - the saree story) എന്ന പേരിൽ യുഎഇ ജനറൽ വിമൻസ് യൂണിയന്റെ (GWU) ആസ്ഥാനത്തുവെച്ചു നടന്ന പരിപാടിയിലാണ് അതിഥികൾ സാരിയണിഞ്ഞ് നോക്കിയത്. രാഷ്ട്ര മാതാവ് (mother of the nation) ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദേശപ്രകാരം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ അംബാസഡർമാരുടെ ഭാര്യമാരുടെ നയതന്ത്ര കൂട്ടായ്മ, ഇന്ത്യൻ സമൂഹം, ഇന്ത്യൻ എംബസി എന്നിവയും പങ്കാളികളായി. വിവിധ രാജ്യങ്ങൾക്കിടയിലെ സാംസ്കാരിക വിനിമയവും പരസ്പര ധാരണയും ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ഇന്ത്യൻ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ സാരിയുടെ ചരിത്രവും പ്രാധാന്യവും ഇന്ത്യൻ വുമൺ ഇൻ ദുബായ് (indian women in dubai) സ്ഥാപക റീമ മഹാജൻ വിശദീകരിച്ചു. തുടർന്ന് സാരി ഉടുക്കുന്ന രീതിയും തത്സമയം പരിചയപ്പെടുത്തി. ബട്ടണുകളോ സിമ്പുകളോ (buttons or zips) ഇല്ലാത്ത ഈ വസ്ത്രം ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.
Draped in heritage, woven with friendship. 🇮🇳🤝🇦🇪Embassy organised "Six Yards of India – The Saree Story" with the General Women's Union & Diplomatic Group for Spouses of Ambassadors at GWU’s headquarters. A vibrant evening of Indian weaves, art, & flavours in Abu Dhabi.#EmbassyOfIndia #indiareels #indiauae #sareelove #sareestory@UAEGWU
— India in UAE (@IndembAbuDhabi) October 30, 2026
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാരികളും അവയുടെ പ്രത്യേകതകളും പരിപാടിയിൽ പ്രദർശിപ്പിച്ചു. ബനാറസി സിൽക്ക്, കാഞ്ചീപുരം സിൽക്ക്, മൈസൂർ സിൽക്ക്, കേരള കസവ്, ബന്ധാനി (bandhani), കലാംകാരി, ബംഗാളിലെ തന്ത് സാരി (bangals tant saree) തുടങ്ങിയ പരമ്പരാഗത നെയ്ത്തുരീതികളും അതിഥികൾക്ക് പരിചയപ്പെടുത്തി. നൗവരി (nauvari), സീധാ പല്ലു (seedha pallu) തുടങ്ങിയ പ്രാദേശിക സാരി ഉടുക്കൽ രീതികളും വിശദീകരിച്ചു. ഇന്ത്യൻ വംശജരല്ലാത്ത വനിതകൾക്ക് സാരി ധരിച്ചുനോക്കാനും ഉടുക്കുന്ന രീതി പഠിക്കാനും ഫോട്ടോ എടുക്കാനുമായി പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു. എളുപ്പത്തിൽ ധരിക്കാവുന്ന റെഡി ടു വെയർ സാരികളും പരിചയപ്പെടുത്തി.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാഷൻ ഡിസൈനർ കൗശിക് വേലേന്ദ്രയുടെ 'ത്രെഡ്സ് ഓഫ് ടുമോറോ – ഇന്ത്യ ഫാഷൻ, റീഇമാജിൻഡ്' (threads of tomorrow - indian fashion, reimagined) എന്ന ഫാഷൻ അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു. ഭരതനാട്യം നർത്തകി രാഷിക ഓജയുടെ (rashika ojha) നൃത്താവതരണം, ഇന്ത്യയെക്കുറിച്ചുള്ള ഹ്രസ്വചിത്രവും ക്വിസും, ഇന്ത്യൻ കലകളെക്കുറിച്ചുള്ള പ്രദർശനം, പരമ്പരാഗത ഭക്ഷണവിഭവങ്ങളെ പരിചയപ്പെൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. 'പെെതൃകത്തിൽ പൊതിഞ്ഞ്, സൗഹൃദത്തിൽ നെയ്തെടുത്തത്' ('draped in heritage, woven with friendship') എന്നായിരുന്നു ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മീത്തൽ പരിപാടിയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അൽപ്ന മീത്തലും പരിപാടിയുടെ ഭാഗമായി. പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും ഇരുവരും നന്ദി അറിയിക്കുകയും ചെയ്തു.
Content Highlights: Emirati women and ambassadors’ wives explored Indian culture by trying traditional sarees at a cultural event held in Abu Dhabi.