എഐ രംഗത്ത് പുതിയ ചുവടുവെപ്പ്; OpenAI, G42 എന്നിവരുമായി ബഹുവർഷ കരാറിൽ ഒപ്പുവെച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി

അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചടങ്ങിൽ പങ്കെടുത്തു

എഐ രംഗത്ത് പുതിയ ചുവടുവെപ്പ്; OpenAI, G42 എന്നിവരുമായി ബഹുവർഷ കരാറിൽ ഒപ്പുവെച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി
dot image

എണ്ണ-വാതക മേഖലയിലെ പ്രവർത്തനങ്ങളിൽ എഐ ഉപയോഗം വിപുലീകരിക്കാൻ OpenAI, G42 എന്നിവരുമായി ബഹുവർഷ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC). നവംബർ രണ്ടിന് അബുദാബിയിൽ നടക്കുന്ന ADIPEC വേദിയിലാണ് കരാർ പ്രഖ്യാപിച്ചത്. OpenAI Frontier പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ഊർജ കമ്പനിയായും ADNOC മാറി. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചടങ്ങിൽ പങ്കെടുത്തു.

എണ്ണപ്പാടം മുതൽ വിപണിവരെയുള്ള വിവിധ പ്രവർത്തനങ്ങളിലെ തീരുമാനങ്ങൾ ഏകോപിപ്പിക്കാൻ OpenAI Frontier സഹായിക്കും. കമ്പനിയുടെ നിലവിലുള്ള ENERGYai ഉൾപ്പെടെയുള്ള എഐ സംവിധാനങ്ങൾ എണ്ണശേഖരങ്ങൾ, ആസ്തികൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ, പുതിയ പ്ലാറ്റ്ഫോം ഈ വിവരങ്ങൾ കമ്പനിയുടെ വിവിധ വിഭാഗങ്ങളുമായി ബന്ധിപ്പിക്കും. പ്രവർത്തനപരവും സാമ്പത്തികവും വാണിജ്യപരവുമായ തീരുമാനങ്ങൾ കൂടുതൽ ഏകോപിതമായി എടുക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ADNOC പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ വിദഗ്ധരുടെ മേൽനോട്ടം തുടരും.

ADNOC signs landmark partnership agreement with OpenAI and G42
OpenAI, G42 എന്നിവരുമായി നിർണായക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ADNOC

ആദ്യഘട്ടത്തിൽ രണ്ട് പ്രധാന മേഖലകളിലാണ് സാങ്കേതികവിദ്യ ഉപയോഗിക്കുക. എണ്ണപ്പാടങ്ങളുടെ വികസന ആസൂത്രണമാണ് അതിലൊന്ന്. നിലവിൽ ഭൂഗർഭ പഠനങ്ങൾ, സൗകര്യങ്ങളുടെ വിലയിരുത്തൽ, സാമ്പത്തിക വിശകലനം എന്നിവ വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടക്കുന്നത്. പുതിയ സംവിധാനം ഇവയെ ഒരുമിച്ച് വിശകലനം ചെയ്ത് വികസന പദ്ധതികൾ തയ്യാറാക്കാൻ സഹായിക്കും. ആയിരക്കണക്കിന് എണ്ണക്കിണറുകളിൽ നിന്നുള്ള പതിറ്റാണ്ടുകളുടെ വിവരങ്ങളും വിവിധ സാമ്പത്തിക-വാണിജ്യ ഘടകങ്ങളും വിശകലനം ചെയ്ത് മാസങ്ങളെടുക്കുന്ന സങ്കീർണ പദ്ധതികൾ മണിക്കൂറുകൾക്കുള്ളിൽ തയ്യാറാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഭൂമിക്കടിയിലുള്ള എണ്ണശേഖരം മുതൽ ഉൽപ്പാദനം, സംസ്കരണം, ശുദ്ധീകരണം, ഗതാഗതം, വിൽപ്പന എന്നിവ വരെയുള്ള മേഖലകളിൽ ഓരോ ബാരൽ എണ്ണയുടെയും മൂല്യം വിലയിരുത്തുന്നതാണ് രണ്ടാമത്തെത്. എണ്ണയുടെ ലഭ്യത, ആവശ്യകത, വില, ലാഭവിഹിതം എന്നിവ തുടർച്ചയായി വിലയിരുത്തി തീരുമാനങ്ങൾ എടുക്കാൻ എഐ ഏജന്റുകൾ സഹായിക്കും.

OpenAI CEO Sam Altman meeting with His Highness Sheikh Khaled bin Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi
OpenAI സിഇഒ സാം ആൾട്ട്മാനുമായി കൂടിക്കാഴ്ച നടത്തുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി കൂടിയായ ADNOC മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, OpenAI സിഇഒ സാം ആൾട്ട്മാൻ, G42 ഇന്റർനാഷണൽ സിഇഒ മൻസൂർ അൽ മൻസൂരി എന്നിവർ കരാറിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ADNOC നേരത്തെ തന്നെ 40,000ത്തിലധികം ജീവനക്കാർക്ക് ChatGPT Enterprise ലഭ്യമാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ഈ സേവനത്തിന്റെ ഏറ്റവും വലിയ എന്റർപ്രൈസ് വിന്യാസമാണിത്. ജീവനക്കാരിൽ 97 ശതമാനത്തിലധികം പേർ ഇത് ഉപയോഗിക്കുന്നതായും കമ്പനി അറിയിച്ചു. 200ലധികം എഐ ആപ്ലിക്കേഷനുകളും 70 റോബോട്ടിക്സ് ഉപയോഗങ്ങളും ADNOC നിലവിൽ വികസിപ്പിച്ചുവരികയാണ്. 2025 മേയിൽ പ്രഖ്യാപിച്ച അബുദാബിയിലെ Stargate UAE പദ്ധതിയുൾപ്പെടെ യുഎഇയിൽ OpenAIയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ പങ്കാളിത്തവും.

Content Highlights: Abu Dhabi National Oil Company ADNOC has signed a multi-year partnership with OpenAI and G42 to accelerate artificial intelligence adoption across its operations.

dot image
To advertise here,contact us
dot image