അങ്ങ് സ്പെയിനിൽ നിന്നൊരു മിഡ്‌ഫീൽഡർ; മത്യാസ് ഹെർണാണ്ടസിനെ തട്ടകത്തിലെത്തിച്ച് കൊമ്പന്മാർ

ഡിഫൻസീവ് മിഡ്‌ഫീൽഡർ മത്യാസ് ഹെർണാണ്ടസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

അങ്ങ് സ്പെയിനിൽ നിന്നൊരു മിഡ്‌ഫീൽഡർ; മത്യാസ് ഹെർണാണ്ടസിനെ തട്ടകത്തിലെത്തിച്ച് കൊമ്പന്മാർ
dot image

ഇന്ത്യൻ സൂപ്പർ ലീഗ് പന്ത്രണ്ടാം സീസണിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മധ്യനിര ശക്തിപ്പെടുത്താൻ കേരളത്തിന്റെ കൊമ്പന്മാർ. മത്യാസ് ഹെർണാണ്ടസെന്ന സ്പാനിഷ് താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പുവച്ചു. ഗോകുലം കേരള എഫ്.സിയിൽ നിന്നാണ് ഈ മുപ്പതുകാരനായ സ്പാനിഷ് താരത്തിന്റെ വരവ്. മധ്യനിരയിൽ കൂടുതൽ നിയന്ത്രണവും ഓപ്ഷനുകളും ഉറപ്പാക്കാൻ ഈ സൈനിംഗ് ടീമിനെ സഹായിക്കും.

വലംകാലൻ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ഹെർണാണ്ടസ്, കളിയിലെ അച്ചടക്കത്തിനും പ്രതിരോധത്തിലെ സാന്നിധ്യത്തിനും ഏറെ ശ്രദ്ധേയനാണ്. 1.86 മീറ്റർ ഉയരമുള്ള താരം ഏരിയൽ ഡ്യുവലുകളിലും ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും. സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും അദ്ദേഹത്തിന്റെ സവിശേഷതകളാണ്.

സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച താരം, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെൻ്ററ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്ന അദ്ദേഹം വിവിധ ഫുട്ബോൾ സാഹചര്യങ്ങളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽക്ക് എത്തുന്നത്. പുതിയ ഐഎസ്എൽ സീസണിന് മുന്നോടിയായുള്ള ക്ലബ്ബിൻ്റെ പ്രീസീസൺ ക്യാമ്പിൽ മത്യാസ് ഉടൻ തന്നെ ചേരും.

'മധ്യനിരയിൽ വ്യക്തതയും അച്ചടക്കവും കൊണ്ടുവരുന്ന താരമാണ് മത്യാസ്. അദ്ദേഹത്തിൻ്റെ പ്രൊഫൈൽ ടീമിന് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. ആവശ്യമുള്ളപ്പോൾ പ്രതിരോധ നിരയിലും സഹായകമാകാൻ അദ്ദേഹത്തിന് സാധിക്കും. മത്യാസിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നു'; മത്യാസ് ഹെർണാണ്ടസിൻ്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി.

Content highlight: Spanish Midfielder Matías Hernández Signs for Kerala Blasters FC

dot image
To advertise here,contact us
dot image