

വരാനിരിക്കുന്ന ഫുട്ബോൾ സീസണിന് മുന്നോടിയായി ടീമിൻ്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമ്മൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിൻ്റെ സാന്നിധ്യം ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും. കളി മെനയുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ ഇരുപത്തിയഞ്ചുകാരൻ ബ്ലാസ്റ്റേഴ്‌സിൻ്റെ തന്ത്രങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്.
യൂറോപ്യൻ ഫുട്ബോളിലെ മികച്ച അനുഭവസമ്പത്തുമായാണ് മർലോൺ കൊച്ചിയിലെത്തുന്നത്. പ്രമുഖ ജർമ്മൻ ക്ലബ്ബായ 1. FSV മൈൻസ് 05-ൻ്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന അദ്ദേഹം, പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി. തുടർന്ന് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാർ 1991-ലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. തന്റെ കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയുടെ അണ്ടർ-18, അണ്ടർ-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മർലോൺ സാങ്കേതികമായി ഏറെ മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.
മർലോണിന്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി, കളിക്കളത്തിലെ ശാന്തതയും സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുമാണ് മർലോണിന്റെ പ്രത്യേകത, നിർണ്ണായക നിമിഷങ്ങളിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മർലോണിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു. വരും ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം ചേരുന്ന മർലോൺ പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കും.
Content highlight:Kerala Blasters FC announce new attacking addition Marlon Roos Trujillo