

ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതിന് പിന്നാലെ ആരോപണവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല രംഗത്ത്. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതിന് പിന്നിൽ പാകിസ്താനാണെന്നാണ് ശുക്ലയുടെ ആരോപണം. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കൃത്യമായ സുരക്ഷയും, അവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ ചില ഇടപെടലുകൾ കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
'ബംഗ്ലാദേശ് കളിക്കണമെന്നതായിരുന്നു ആഗ്രഹം. പൂർണ്ണ സുരക്ഷയും അവർക്ക് ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ ബംഗ്ലാദേശ് ഈ തീരുമാനത്തിൽ ഉറച്ചു നിന്നതുകൊണ്ട് അവസാന നിമിഷം മുഴുവൻ ഷെഡ്യൂൾ മാറ്റുക ബുദ്ധിമുട്ടായാതുകൊണ്ടാണ് സ്കോട്ട്ലാൻഡിനെ ഉൾപ്പെടുത്തിയത്'; ശുക്ല വ്യക്തമാക്കി.
വിഷയത്തിൽ പാകിസ്താന്റെ ഇടപെടലുകളെപറ്റി രൂക്ഷമായ ഭാഷയിലാണ് രാജീവ് ശുക്ല പ്രതികരിച്ചത്. പാകിസ്താൻ അനാവശ്യമായി ഇടപെടുകയാണെന്നും, ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുകയും ചെയ്‌തെന്ന് പറഞ്ഞ അദ്ദേഹം ബംഗ്ലാദേശ് പൗരന്മാർക്കെതിരെ പാകിസ്ഥാൻ നടത്തിയ ക്രൂരതകൾ എല്ലാവർക്കും അറിയാവുന്നതാണെന്നും പറഞ്ഞു.
അയൽക്കാരായ ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ പങ്കെടുക്കുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ശുക്ലയുടെ ഈ പരാമർശങ്ങൾ. ഫെബ്രുവരി ഏഴിന് നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരം പാകിസ്താനും നെതെർലാൻഡ്‌സും തമ്മിലാണ്. അന്ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിന് പകരക്കാരായി എത്തിയ സ്കോട്ലാൻഡിനെയും, രാത്രി ഏഴ് മണിക്ക് നടക്കുന്ന മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യ യുഎസ്എയെയും നേരിടും.
Content highlight: 'Pakistan is behind Bangladesh's withdrawal'; Rajiv Shukla alleges