'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്': ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാർ ഒപ്പിട്ടു; കുതിപ്പ് പ്രതീക്ഷിച്ച് വിപണി

അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഇന്ത്യയുടെയും യൂറോപ്യൻ യൂണിയൻ്റെയും നിർണ്ണായക വ്യാപാര കരാർ നടപ്പാക്കിയത്

'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്': ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാർ ഒപ്പിട്ടു;  കുതിപ്പ് പ്രതീക്ഷിച്ച് വിപണി
dot image

ന്യൂഡൽഹി: ആ​ഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും യൂറോപ്യൻ യൂണിയനും ചരിത്രപരമായ വ്യാപാര കാരാറിൽ ഒപ്പുവെച്ചു. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഇന്ത്യയുടെയും യൂറോപ്യ യൂണിയൻ്റെയും നിർണ്ണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയുമായുള്ള മദര്‍ ഓഫ് ഓള്‍ ഡീല്‍സ് യാഥാര്‍ത്ഥ്യമാവുകയാണെന്ന് പറഞ്ഞാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്ന കരാറിനെ സ്വാ​ഗതം ചെയ്തത്.

Also Read:

പ്രതിരോധരംഗത്തടക്കം തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ, കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

2007ല്‍ തുടങ്ങിയ വ്യാപാര കരാര്‍ ചര്‍ച്ചകളാണ് 19 വര്‍ഷത്തിന് ശേഷം യാഥാര്‍ത്ഥ്യമാകുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര ഒത്തുചേരല്‍ ലോകത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്. അതേസമയം, ഇന്ത്യയുമായി കരാര്‍ ഒപ്പുവെച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യ-യുക്രെയിന്‍ യുദ്ധത്തെ പിന്തുണക്കുകയാണെന്ന് വൈറ്റ്ഹൗസ് വിമർശിച്ചു.

'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്ന് വിശേഷിപ്പിച്ച ഈ ഉടമ്പടി ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ലോക വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്ന രണ്ട് വൻശക്തികളെയാണ് ബന്ധിപ്പിക്കുന്നത്. ഏകദേശം 136 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പ്രാപ്തമാണ്. നിലവിൽ ചർച്ചകൾ പൂർത്തിയായെങ്കിലും കരാറിന്റെ നിയമപരമായ സൂക്ഷ്മപരിശോധനകൾക്ക് ശേഷമാണ് പ്രാബല്യത്തിൽ വരുക. ഇതിന് ആറ് മാസം വരെ സമയമെടുത്തേക്കാം. അടുത്ത വർഷത്തോടെ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഉത്പാദന, സേവന മേഖലകൾക്ക് കരാർ കരുത്ത് നൽകുമെന്നാണ് പ്രതീക്ഷ. ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകും. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ബിസിനസുകാർക്കും ​ഗുണം ചെയ്യും. 2024-25 കാലയളവിൽ ഇന്ത്യയും യൂറോപ്യൻ തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 190 ബില്യൺ ഡോളറിന് മുകളിലായിരുന്നു. പുതിയ കരാർ വന്നാൽ ഈ തുകയിൽ കാര്യമായ വർധനവുണ്ടാക്കും.

വ്യാപാരത്തിനപ്പുറം പ്രതിരോധ മേഖലയിലെ സഹകരണവും ശക്തമാക്കാൻ ധാരണയായിട്ടുണ്ട്. 'സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ്' നാഴികക്കല്ലാകുമെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കായ കല്ലസ് പറഞ്ഞു. യൂറോപ്യൻ പ്രതിനിധി സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും മൂന്ന് സേനാ മേധാവികളുമായും ചർച്ച നടത്തി. ഉഭയകക്ഷി തലത്തിൽ പ്രതിരോധ സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തൊഴിലാളികൾക്ക് യൂറോപ്പിലേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിനുള്ള ധാരണാപത്രം കരാറിന്റെ പ്രധാന നേട്ടമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ ഇതിടയാക്കും. ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി നിലവിൽ തന്നെ കുടിയേറ്റ-മൊബിലിറ്റി പങ്കാളിത്തമുണ്ട്. പുതിയ കരാർ ഇതിനെ കൂടുതൽ വിപുലമാക്കുകയും ചെയ്യും.

Content Highlights: India and the European Union have implemented a landmark trade agreement

dot image
To advertise here,contact us
dot image