

അനിശ്ചിതത്വങ്ങൾ നേരിട്ട ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന്റെ മത്സരക്രമങ്ങളിൽ ധാരണയായി. ഫെബ്രുവരി 14 ശനിയാഴ്ച്ച ആരംഭിക്കുന്ന ലീഗിന് മോഹൻ ബഗാൻ സൂപ്പർ ജയന്റ് - കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പോരാട്ടത്തോടെ തുടക്കമാകും. മത്സരക്രമമനുസരിച്ച് കൊമ്പന്മാർക്ക് സീസണില്‍ ആകെ ഒമ്പത് ഹോം മത്സരങ്ങളാണ് ഉണ്ടാകുക. വൈകീട്ട് 5 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
മത്സരക്രമത്തിന്റെ പൂർണ്ണരൂപം ഇനിയും പുറത്തുവരേണ്ടതുണ്ട്. ഉദ്ഘടന മത്സരം മുതൽ മെയ് 11 വരെയുള്ള മത്സരങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം നടക്കുക ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ചായിരുക്കും. പീറ്റർ ക്രാറ്റ്കിയുടെ മുംബൈ സിറ്റി എഫ്സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ശേഷം ഫെബ്രുവരി 28നും, മാർച്ച് 7, 21, ഏപ്രിൽ 15, 18, 23, മെയ് 10, 17 ദിവസങ്ങളിലും ഇഎംഎസ് സ്റ്റേഡിയത്തിൽ കൊമ്പന്മാർക്ക് ഹോം മത്സരങ്ങളുണ്ട്. കൊച്ചി വിട്ട കേരള ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാകും നടക്കുക.
ഐഎസ്എല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ആദ്യഘട്ട യോഗത്തിന് ശേഷം ഹോം - എവേ രീതി ഒഴിവാക്കി രണ്ടോ മൂന്നോ വേദികൾ മാത്രം കേന്ദ്രികരിച്ച് മത്സരം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഈ അഭിപ്രായത്തോട് ക്ലബ്ബുകൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഹോം - എവേ ഫോർമാറ്റിൽ തന്നെ പോരാട്ടങ്ങൾ നടത്താൻ തീരുമാനമായത്. ഈ ഫോർമാറ്റിൽ ആകെ 91 മത്സരങ്ങളാകും ടൂർണമെന്റിലുണ്ടാകുന്നത്.
ഐഎസ്എൽ നീണ്ടുപോയതോടെ പല പ്രമുഖ താരങ്ങൾ ടീം വിടുകയും, ക്ലബ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ടൂർണമെന്റ് ആരംഭിക്കുമ്പോൾ വലിയ സന്നാഹങ്ങളില്ലാതെ എന്നാൽ അടിമുടി മാറ്റത്തോടെയുള്ള ഒരു ലീഗിനാണ് ക്ലബ്ബുകളും, താരങ്ങളും, ഒപ്പവും ആരാധകരും തയ്യാറെടുക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും, മൊറോക്കൻ സ്‌ട്രൈക്കർ നോവ സാദോയും, മറ്റ് വിദേശതാരങ്ങളും ടീം വിട്ടത് ചെറിയ ക്ഷീണം ഉണ്ടാക്കിയെങ്കിലും, ഇന്ത്യൻ താരം റൗളിൻ ബോർഗസിന്റെയും, മറ്റ് വിദേശ സൈനിംഗുകളുടെയും പ്രതീക്ഷയിലാണ് ആരാധകക്കൂട്ടം. കിരീടത്തിൽ കുറഞ്ഞത് ഒന്നും ആഗ്രഹിക്കാത്ത മഞ്ഞപ്പടയ്ക്ക് പുതിയ സൈനിംഗുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
Content highlight: ISL 12th season kicks off with Mohun Bagan vs Kerala Blasters match