

ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രേയസ് അയ്യരുടെ ആരോഗ്യ കാര്യത്തിൽ ആശ്വാസകരമായ വാര്‍ത്ത. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വരികയാണെന്ന് പുതിയ റിപ്പോര്‍ട്ട്. നേരത്തെ, ശ്രേയസിനെ ഐസിയുവില്‍ നിന്ന് മാറ്റിയിരുന്നു.
ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ക്യാച്ച് പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് ഡൈവ് ചെയ്യുന്നതിനിടെ, വീണപ്പോഴാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്.
അയ്യര്‍ക്ക് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും, ഒരുപക്ഷേ ഒരു ആഴ്ച വരെ വിശ്രമം വേണ്ടിവരും. ബിസിസിഐ അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ന് മുതല്‍, അയ്യര്‍ ഫോണ്‍ കോളുകള്‍ എടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും പതിവ് ജോലികള്‍ പോലും സ്വന്തമായി ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.
'പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രേയസിനെ സ്‌കാനിംഗിന് വിധേയാനാക്കിയപ്പോള്‍ പ്ലീഹയില്‍ മുറിവുണ്ടായതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലുള്ള ശ്രേയസിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.' ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Content Highlights: Good news: Surgery complete; Shreyas is recovering