
കഴിഞ്ഞയിടെയാണ് ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റക്കാരൻ ഡിയോഗ ജോട്ട കാറപടകടത്തിൽ മരണപ്പെട്ടത്. സഹോദരൻ ആൻന്ദ്രെ സിൽവയും അദ്ദേഹത്തോടൊപ്പം മരണപ്പെട്ടു. ലിവർപൂളിന്റെ ഭാവി താരോദയങ്ങളിൽ ഒരാളായിരുന്നു ജോട്ട. പുതിയ സീസൺ ആരംഭിക്കുന്നതിനും ആഴ്ചകൾക്ക് മുമ്പാണ് താരത്തിന്റെ വേർപ്പാട്. ഫുട്‌ബോൾ ലോകത്തെയാകെ ഇത് വിഷമത്തിലാക്കിയിരുന്നു.
സീസണിലെ ആദ്യ മത്സരത്തിനായി ലിവർപൂൾ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ജോട്ടയെ ആദരിച്ചിരുന്നു. ആരാധകരെല്ലാം തന്നെ അദ്ദേഹത്തിന് ദുഖാചരണം നടത്തി. ആൻഫീൽഡിൽ ലിവർപൂൾ ആരാധകരും എവേ ടീമായ ബേൺമൗത്തുകാരും ഒരുപോലെ ആ 20ാം നമ്പർ ജേഴ്‌സിക്കാരനെ ആദരിച്ചു.
മത്സരത്തിന്റെ അവസാന മിനിറ്റിൽ ഗോൾ നേടിയ മുഹമ്മദ് സലാഹ് മത്സരശേഷം വിതുമ്പിയിരുന്നു. കാണികൾ ജോട്ടക്ക് വേണ്ടി ട്രിബ്യൂട്ട് ഗോനം ആലപിച്ചതിന് പിന്നാലെയാണ് സലാഹി വികാരതീതനായത്.
മത്സരത്തിന് മുമ്പും ശേഷവും അദ്ദേഹത്തിന് വേണ്ടി കാണികളെല്ലാം ഗാനം ആലപിച്ചിരുന്നു. ആദ്യ ഗോൾ നേടിയ ഹ്യുഗോ എകിടികെയും രണ്ടാം ഗോൾ സ്വന്തമാക്കിയ ഗാപ്‌കോയുമെല്ലാം ഗോളിന് ശേഷം ജോട്ടക്ക വേണ്ടി സെലിബ്രേറ്റ് ചെയ്തിരുന്നു.
അതേസമയം ആദ്യ മത്സരത്തിൽ ബേൺമൗത്തിനെതിരെ 4-2നാണ് ലിവർപൂളിന്റെ വിജയം. കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ ലിവർപൂൾ അവരുടെ ഫോം ആദ്യ മത്സരത്തിലും തുടരുകയായിരുന്നു.
മത്സരത്തിലെ ആദ്യ 50 മിനിറ്റോളം ലിവർപൂളിന്റെ ആധിപത്യത്തിനായിരുന്നു സ്റ്റേഡിയം സാക്ഷിയായത്. ഈ സീസണിൽ ടീമിലെത്തിയ ഹ്യുഗോ എകിടികെ 37ാം മിനിറ്റിൽ ഗോൾ നേടുകയും 49ാം മിനിറ്റിൽ കോഡി ഗാപ്‌കോക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിൽ സബ്ബുകളും കൗണ്ടർ അറ്റാക്കിങ്ങുമായി ബേൺമൗത്ത് കളം നിറഞ്ഞു. ഒടുവിൽ 64 , 76 എന്നീ മിനിറ്റുകളിൽ വെറും 12 മിനിറ്റിന്റെ വ്യത്യാസത്തിൽ ആന്റണി സെമണ്യോ രണ്ട് ഗോൾ നേടിയതോടെ ആൻഫീൽഡ് അസ്വസ്തമായി. സ്വന്തം ബോക്‌സിന് വെളിയിൽ നിന്നും ലഭിച്ച പന്തിനെ ഒറ്റക്ക് സോളോ റൺ നടത്തിയാണ് സെമണ്യോ രണ്ടാം ഗോൾ നേടിയത്.
കളി സമനിലയിലേക്ക് പോയേക്കുമെന്ന സാഹര്യത്തിൽ 88ാം മിനിറ്റിൽ സബ്ബായി എത്തിയ ഫെഡ്രിക്ക് ചീസയുടെ കിടിലൻ വോളി. ഇതോടെ മത്സരം ചാംപ്യൻമാർ കയ്യിലാക്കി, ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലാഹ് ലിവർപൂളിന്റെ ലീഡുയർത്തി. രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ചാണ് സലായുടെ കിടിലൻ ഗോൾ.
Content Highlights-Salah in Tears after the game vs bournemouth