
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാട്ടം ചൂടുപിടിക്കുന്നു. തകര്‍പ്പന്‍ വിജയത്തോടെ വരവറിയിച്ചിരിക്കുകയാണ് ടോട്ടനം ഹോട്‌സ്പര്‍. ലീഗിലെ ആദ്യ മത്സരത്തില്‍ ബേണ്‍ലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ വീഴ്ത്തിയാണ് സ്പര്‍സ് തുടക്കം ഗംഭീരമാക്കിയത്. മറ്റ് മത്സരങ്ങളില്‍ വെസ്റ്റ്ഹാമിനെ വീഴ്ത്തി സണ്ടര്‍ലാന്‍ഡ് ഞെട്ടിച്ചപ്പോള്‍ ഫുള്‍ഹാമും ബ്രൈറ്റണും സമനിലയില്‍ പിരിഞ്ഞു.
ബ്രസീലിയന്‍ സൂപ്പർ താരം റിച്ചാര്‍ലിസൺ ഇരട്ടഗോളുകളടിച്ച് സ്പര്‍സിന് വേണ്ടി തിളങ്ങി. മത്സരം തുടങ്ങി 10-ാം മിനിറ്റില്‍ തന്നെ റിച്ചാര്‍ലിസണ്‍ ഗോളടിച്ചു. കിടിലൻ ഹാഫ് വോളിയിലൂടെ സുന്ദരമായാണ് റിച്ചാർലിസൺ വലകുലുക്കിയത്. ആദ്യപകുതിക്ക് ശേഷം 60-ാം മിനിറ്റില്‍ താരം രണ്ടാം ഗോളും കണ്ടെത്തി. ബ്രണ്ണന്‍ ജോണ്‍സണ്‍ 66-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തിയതോടെ ബേണ്‍ലി പരാജയം വഴങ്ങി.
മറ്റൊരു മത്സരത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് സണ്ടർലാൻഡ്. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സണ്ടർലാൻഡ് വിജയം സ്വന്തമാക്കിയത്. എലിസര്‍ മയെന്‍ഡ, ഡാനിയല്‍ ബല്ലാര്‍ഡ്, വില്‍സണ്‍ ഇസിഡോര്‍ എന്നിവരാണ് ടീമിനായി ലക്ഷ്യം കണ്ടത്. എട്ടുവര്‍ഷത്തിന് ശേഷമാണ് ടീം ഒരു പ്രീമിയര്‍ ലീഗ് മത്സരം ജയിക്കുന്നത്.
ലീഗിലെ മറ്റുമത്സരങ്ങളിൽ ബ്രൈറ്റണും ഫുള്‍ഹാമും ഓരോഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആസ്റ്റണ്‍ വില്ല-ന്യൂകാസില്‍ യുണൈറ്റഡ് മത്സരം ഗോള്‍രഹിതസമനിലയില്‍ കലാശിക്കുകയും ചെയ്തു.
Content Highlights: english premier league Updates