
ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ട ബ്രിട്ടീഷ് എയര്‍വേയ്‌സിലെ പൈലറ്റിന് സസ്‌പെന്‍ഷന്‍. പൈലറ്റിന്റെ കുടുംബാംഗങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് കോക്ക്പിറ്റിലെ പ്രവര്‍ത്തനങ്ങള്‍ കാണുന്നതിന് വേണ്ടിയാണ് പൈലറ്റ് കോക്പിറ്റ് വാതില്‍ തുറന്നിട്ടത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ അപകടത്തിലാക്കി, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൈലറ്റിനെതിരെ നടപടിയെടുത്തത്.
കോക്പിറ്റ് വാതില്‍ തുറന്നിരിക്കുന്നത് ജീവനക്കാരുടെയുംയാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പൈലറ്റിന്റെ നടപടി യാത്രക്കാരെ അസ്വസ്ഥരാക്കിയെന്നും ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളുകള്‍ക്ക് ആശങ്കപ്പെടാനും അതേക്കുറിച്ച് സംസാരിക്കാനും ഇടനല്‍കിക്കൊണ്ട് കോക്ക്പിറ്റിന്റെ വാതില്‍ വളരെയധികം സമയത്തേക്ക് തുറന്നിരിക്കുകയായിരുന്നു. ബ്രിട്ടീഷ് എയര്‍വേസിലെ ജീവനക്കാരും പരിഭ്രാന്തരായി. അങ്ങനെയാണ് അവര്‍ വിവരം അധികൃതരെ അറിയിക്കുന്നതും പൈലറ്റിനെതിരെ നടപടിയെടുക്കുന്നതും.
ഹീത്രൂവില്‍ ഓഗസ്റ്റ് എട്ടിന് മടങ്ങിയെത്തേണ്ടതായിരുന്നു വിമാനം. എന്നാല്‍ ഇതേ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര ഉറപ്പാക്കുകയും ചെയ്തു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാഭീഷണിയുള്ളതായി കണ്ടെത്തിയിട്ടില്ല.
സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി. 2001ലെ 9/11 ആക്രമണത്തിന് ശേഷം വിമാനയാത്രയില്‍ കടുത്ത സുരക്ഷാനിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രധാനമായിരുന്നു കോക്ക്പിറ്റ് അടച്ചിടമെന്നുള്ള നിര്‍ദേശം
Content Highlights: British Airways Pilot Suspended for Leaving Door Open for Family