
പ്രീമിയർ ലീഗ് ആദ്യ മത്സരത്തിൽ തന്നെ പുതിയ റെക്കോഡിട്ട് ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാഹ്. ബേൺമൗത്തിനെതിരെയുള്ള ആദ്യ മത്സരത്തിലാണ് സലാഹിന്റെ റെക്കോഡ്. പ്രീമിയർ ലീഗ് ഓപ്പണിങ് മത്സരങ്ങളിൾ 10 ഗോൾ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സലാഹ്.
ഇതുവരെ ഒരു കളിക്കാരനും ലീഗിന്റെ ആദ്യ മത്സരത്തിൽ 10 ഗോൾ നേട്ടം കൈവരിച്ചിട്ടില്ല. ജെയ്മി വാർഡി, വെയ്ൻ റൂണി, അലൻ ഷീറർ, ഫ്രാങ്ക് ലാംപാർഡ് എന്നിവർ ആദ്യ മത്സരങ്ങളിൽ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്.
ബേൺമൗത്തിനെതിരെയുള്ള മത്സരത്തിൽ 95ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ആദ്യ മത്സരത്തിൽ 10 ഗോൾ എന്ന് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ലിവർപൂളിന്റെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോളോടെ പ്രീമിയർ ലീഗിൽ 187 ഗോൾ സ്വന്തം പേരിൽ കുറിക്കാൻ സലാഹിനായി.
ബേൺമൗത്തിനെതിരെ 4-2നായിരുന്നു ലിവർപൂൾ വിജയം. കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ ലിവർപൂൾ അവരുടെ ഫോം ആദ്യ മത്സരത്തിലും തുടരുകയായിരുന്നു. കാറപകടത്തിൽ മരണപ്പെട്ട ലിവർപൂൾ താരമായിരുന്ന ഡിയോഗൊ ജോട്ടക്കും സഹോദരൻ ആൻഡ്രെ സിൽവയുടെയും ഓർമകൾ ആദരിച്ചുകൊണ്ടാണ് ആൻഫീൽഡിൽ വിസിൽ ഉയർന്നത്.
മത്സരത്തിലെ ആദ്യ 50 മിനിറ്റോളം ലിവർപൂളിന്റെ ആദിപത്യത്തിനായിരുന്നു സ്റ്റേഡിയം സാക്ഷിയായത്. ഈ സീസണിൽ ടീമിലെത്തിയ ഹ്യുഗോ എകിടികെ 37ാം മിനിറ്റിൽ ഗോൾ നേടുകയും 49ാം മിനിറ്റിൽ കോഡി ഗാപ്‌കോക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.
രണ്ടാം പകുതിയിൽ സബ്ബുകളും കൗണ്ടർ അറ്റാക്കിങ്ങുമായി ബേൺമൗത്ത് കളം നിറഞ്ഞു. ഒടുവിൽ 64 , 76 എന്നീ മിനിറ്റുകളിൽ വെറും 12 മിനിറ്റിന്റെ വ്യത്യാസത്തിൽ ആന്റണി സെമണ്യോ രണ്ട് ഗോൾ നേടിയതോടെ ആൻഫീൽഡ് അസ്വസ്തമായി. സ്വന്തം ബോക്‌സിന് വെളിയിൽ നിന്നും ലഭിച്ച പന്തിനെ ഒറ്റക്ക് സോളോ റൺ നടത്തിയാണ് സെമണ്യോ രണ്ടാം ഗോൾ നേടിയത്.
കളി സമനിലയിലേക്ക് പോയേക്കുമെന്ന സാഹര്യത്തിൽ 88ാം മിനിറ്റിൽ സബ്ബായി എത്തിയ ഫെഡ്രിക്ക് ചീസയുടെ കിടിലൻ വോളി. ഇതോടെ മത്സരം ചാംപ്യൻമാർ കയ്യിലാക്കി, ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലാഹ് ലിവർപൂളിന്റെ ലീഡുയർത്തി. രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ചാണ് സലായുടെ കിടിലൻ ഗോൾ.
Content Highlights- Mohamed Salah becomes first player in Premier League history to score 10 opening day goals