'കേരളം ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന സ്ഥലം'; ബ്ലാസ്റ്റേഴ്സിൽ വന്നതിൽ സന്തോഷമെന്ന് അർഷ് ഷെയ്ഖ്

മൂന്ന് വർഷത്തെ കരാറാണ് ഗോൾകീപ്പറായ അർഷ് ബ്ലാസ്റ്റേഴ്സുമായി ​ഒപ്പുവെച്ചിരിക്കുന്നത്

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് യുവ ഇന്ത്യൻ താരം അർഷ് ഷെയ്ഖ്. അടുത്ത സീസൺ ഐഎസ്എല്ലിനായി ബ്ലാസേറ്റേഴ്സുമായി കരാർ ഒപ്പിട്ട ശേഷമാണ് താരത്തിന്റെ പ്രതികരണം. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ഥലമാണ് കേരളം. ഇവിടുത്തെ ആരാധകരുടെ ആവേശം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ കരിയറിലെ ഈ പുതിയ തുടക്കത്തിന് ഞാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ പഠിക്കാനും പരിചയം നേടാനും ഒരു മികച്ച കളിക്കാരനായി വളരാനും ഇത് എനിക്ക് ഏറ്റവും അനുയോജ്യമായ ടീം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ടീമിനുവേണ്ടി കഠിനാധ്വാനം ചെയ്യാനും എന്റെ പരമാവധി സംഭാവന നൽകാനും ഞാൻ ശ്രമിക്കും. അർഷ് ഷെയ്ഖ് പറഞ്ഞു.

2028 വരെ മൂന്ന് വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സുമായി ​ഗോൾകീപ്പറായ അർഷ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് ഈ യുവതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, എ എഫ്‌ സി കപ്പ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ മോഹൻ ബ​ഗാന് വേണ്ടി കളിച്ച പരിചയസമ്പത്ത് അർഷിനുണ്ട്.

ഛത്തീസ്ഗഢിൽ നിന്നുള്ള അർഷിനെ, വളർന്നു വരുന്ന മികച്ച യുവ ഗോൾകീപ്പർമാരിൽ ഒരാളായാണ് ഇന്ത്യൻ ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. ഗോൾപോസ്റ്റിൽ വേഗതയാർന്ന പ്രതികരണങ്ങൾ, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായി നിൽക്കാനുള്ള കഴിവ്, പ്രതിരോധനിരയെ മികച്ച രീതിയിൽ നിയന്ത്രിക്കാനുള്ള പാടവം എന്നിവയെല്ലാം അർഷിന്റെ പ്രധാന സവിശേഷതകളാണ്.

Content Highlights: Kerala Blasters FC Signs Promising Goalkeeper Arsh Shaikh on Three-Year Deal

dot image
To advertise here,contact us
dot image