ഇരട്ട ​ഗോളുകളുമായി മെസ്സി-സുവാരസ് സഖ്യം; വീണ്ടും വിജയവഴിയിൽ ഇന്റർ മയാമി

രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ മെസ്സിയും അസിസ്റ്റിലും 70-ാം മിനിറ്റിൽ മൊൺട്രിയാൽ പ്രതിരോധത്തിന്റെ പിഴവിലും ലൂയിസ് സുവാരസ് വല ചലിപ്പിച്ചു

dot image

മേജർ ലീ​ഗ് സോക്കർ ഫുട്ബോൾ ലീ​ഗിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സിയുടെയും ലൂയിസ് സുവാരസിന്റെയും ഇരട്ട ​ഗോളുകളുടെ മികവിലാണ് മയാമിയുടെ വിജയം. മൊൺട്രിയാലിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് മെസ്സിയുടെയും സംഘത്തിന്റെയും വിജയം. കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ടിൽ പരാജയവും രണ്ട് സമനിലയും നേടിയതിന് പിന്നാലെ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്റർ മയാമി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ​ഗോൾ മാത്രമാണ് പിറന്നത്. സെർജിയോ ബുസ്കെറ്റ്സ് നൽകിയ അസിസ്റ്റിൽ ലയണൽ മെസ്സിയുടെ ഇടംകാൽ ഷോട്ടിൽ ഇന്റർ മയാമി മുന്നിലെത്തി. ആദ്യ പകുതിയിൽ ഒരു ​ഗോളിന് ലീഡ് ചെയ്യാനും മയാമിക്ക് കഴിഞ്ഞു.

രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ മെസ്സിയും അസിസ്റ്റിലും 70-ാം മിനിറ്റിൽ മൊൺട്രിയാൽ പ്രതിരോധത്തിന്റെ പിഴവിലും ലൂയിസ് സുവാരസ് വല ചലിപ്പിച്ചു. പിന്നാലെ 74-ാം മിനിറ്റിൽ ഡാൻ്റെ സീലി മൊൺട്രിയാലിനായി ആദ്യ ​ഗോൾ തിരിച്ചടിച്ചു. എന്നാൽ 87-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ അസിസ്റ്റിൽ ലയണൽ മെസ്സി ഇന്റർ മയാമിക്കായി വീണ്ടും വല കുലുക്കി. ഇതോടെ ഇന്റർ മയാമി 4-1ന് മുന്നിലായി. 92-ാം മിനിറ്റിലെ വിക്ടർ ലൗട്ടരിയുടെ ​ഗോൾ മൊൺട്രിയാലിന് ആശ്വാസമായി.

മേജർ ലീ​ഗ് സോക്കർ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ഇന്റർ മയാമി. 15 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയുമാണ് മയാമി സംഘം ഇതുവരെ നേടിയത്. 26 പോയിന്റുകളും മയാമിക്ക് നേടാൻ കഴിഞ്ഞു.

Content Highlights: Messi and Suarez lead Inter Miami to key victory over CF Montreal

dot image
To advertise here,contact us
dot image