
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയമനിർമ്മാണ നീക്കത്തിൽ താൻ നിരാശനാണെന്ന് ടെസ്ല മേധാവി ഇലോൺ മസ്ക്. ട്രംപ് കൊണ്ടുവന്ന പുതിയ ബില്ലിനെ വിമർശിച്ചു കൊണ്ടാണ് മസ്ക് രംഗത്തെത്തിയിരിക്കുന്നത്. ബജറ്റ് കമ്മി വർദ്ധിപ്പിക്കുന്നതും ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് വിഭാഗം (ഡിഒജിഇ) ചെയ്യുന്ന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് ട്രംപിൻ്റെ പുതിയ ബില്ലെന്ന് മസ്ക് കുറ്റപ്പെടുത്തി.
പ്രസിഡന്റുമായി അടുപ്പമുള്ളയാളാണെങ്കിലും ഈ വിഷയത്തിൽ അദ്ദേഹവുമായി വിയോജിപ്പുള്ളതായി ഇലോൺ മസ്ക് മാധ്യമങ്ങളോട് പറഞ്ഞു. ബിൽ നിരാശാജനകമാണ്. അമേരിക്കൻ ഗവൺമെൻ്റിൻ്റെ സാമ്പത്തികഭാരം കുറയ്ക്കുന്ന ബില്ലല്ല ഇത്, പകരം ധനക്കമ്മി കൂട്ടാനുള്ള ബില്ലാണിത്. ഒരു ബില്ല് വലുതാകാം അല്ലെങ്കിൽ മനോഹരമായിരിക്കാം. പക്ഷേ രണ്ടും കൂടിയാകുമോ എന്ന് എനിക്കറിയില്ലെന്നായിരുന്നു മസ്കിന്റെ പ്രതികരണം.
ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ് കഴിഞ്ഞ ആഴ്ചയാണ് പ്രതിനിധി സഭ പാസാക്കിയത്. 2017 ലെ നികുതി ഇളവുകളുടെ പത്ത് വർഷത്തെ വിപുലീകരണത്തിന് പണം നൽകുക, അതിർത്തി സുരക്ഷാ ചെലവുകൾ വർദ്ധിപ്പിക്കുക, ജോലി ആവശ്യകതകൾ നടപ്പിലാക്കുക, ശുദ്ധമായ ഊർജ്ജ നികുതി ക്രെഡിറ്റുകൾ പിൻവലിക്കുക, എന്നിവയാണ് ഈ ബില്ലിലൂടെ ട്രംപ് ലക്ഷ്യം വെയ്ക്കുന്നത്.
Content Highlights: Elon Musk said he was "disappointed" with Donald Trump