ദുബായിൽ ശൈത്യകാല സായാഹ്നങ്ങൾക്ക് നിറം പകർന്ന് മർസ ബൊളിവാർഡ് വീണ്ടും തുറന്നു

പതിവ് രുചികൾ തേടിയെത്തുന്നവർക്കും പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അനുഭവമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്

ദുബായിൽ ശൈത്യകാല സായാഹ്നങ്ങൾക്ക് നിറം പകർന്ന് മർസ ബൊളിവാർഡ് വീണ്ടും തുറന്നു
dot image

ദുബായിലെ തണുപ്പുള്ള സായാഹ്നങ്ങൾ തിരിച്ചെത്തിയതോടെ നഗരത്തിലെ പ്രധാന ഔട്ട്ഡോർ വിനോദകേന്ദ്രങ്ങളിലൊന്നായ മർസ ബൊളിവാർഡ് വീണ്ടും സജീവമായി. ഒക്ടോബർ 30ന് വൈകിട്ട് അഞ്ചിന് തുറന്ന കേന്ദ്രത്തിലേക്ക് ആദ്യദിനം തന്നെ നിരവധി സന്ദർശകരാണ് ഒഴുകിയെത്തിയത്. ദുബായ് ക്രീക്കിന്റെ (dubai creek) തീരത്തുള്ള മർസ ബൊളിവാർഡിൽ മനോഹരമായ സായാഹ്നക്കാഴ്ചകൾ ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനും ഭക്ഷണം കഴിക്കാനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനുമാണ് ആളുകളെത്തിയത്.

താപനില കുറഞ്ഞതോടെ തുറസ്സായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ കാലാവസ്ഥയും സന്ദർശകരെ ആകർഷിച്ചിട്ടുണ്ട്. പതിവായി എത്തുന്നവർക്ക് പ്രിയപ്പെട്ട ഇടത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷമായിരുന്നെങ്കിൽ പുതിയ മാറ്റങ്ങൾ അറിയാനെത്തിയവരും നിരവധിയാണ്. ഭക്ഷണശാലകളുടെ നിരയിൽ ഫൈൻഡ് (fynd), ഹോം ബേക്കറി, ട്രിയോ (trio) തുടങ്ങിയ പരിചിത ബ്രാൻഡുകൾ പുതിയ സീസണിലും തിരിച്ചെത്തിയിട്ടുണ്ട്. ഇതിനൊപ്പം മർമെല്ലാറ്റ (marmellata), നുവ (nuwa), സിആർഎസ്ടി തുടങ്ങിയ പുതിയ പേരുകളും ഭക്ഷണപ്രേമികൾക്കായി ഇടംപിടിച്ചിട്ടുണ്ട്.

പതിവ് രുചികൾ തേടിയെത്തുന്നവർക്കും പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അനുഭവമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഭക്ഷണത്തിനും വിനോദത്തിനും പുറമെ ഫാഷൻ, സൗന്ദര്യ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളുടെ പോപ്പ്-അപ്പ് സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റെയർ ബ്യൂട്ടി, ജീൻ പോൾ ഗാൾട്ടിയർ, ലോവെ തുടങ്ങിയ ബ്രാൻഡുകളാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്. സെഫോറയുമായി സഹകരിച്ച് റെയർ ബ്യൂട്ടി തങ്ങളുടെ ബ്യൂട്ടി ബസും ഇവിടെ എത്തിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങൾ പരീക്ഷിക്കാനും വ്യക്തിഗത സ്കിൻ ടോൺ അനുസരിച്ച് അനുയോജ്യമായ ഷേഡുകൾ കണ്ടെത്താനും മേക്കപ്പ് ടച്ച്-അപ്പുകൾ നടത്താനും സന്ദർശകർക്ക് അവസരമുണ്ട്.

Marsa Boulevard
മർസ ബൊളിവാർഡ്

കൂടാതെ വിവിധ ഇന്ററാക്ടീവ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫാഷൻ പ്രേമികൾക്കായി ലോവെയും ജീൻ പോൾ ഗാൾട്ടിയറും പ്രത്യേക സാന്നിധ്യമാണ്. പുതിയ പെർഫ്യൂം പുറത്തിറക്കിക്കൊണ്ടാണ് ജീൻ പോൾ ഗാൾട്ടിയർ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രദ്ധ നേടിയത്. ഇതിന്റെ ഭാഗമായി പ്രത്യേക തീമിലുള്ള പാനീയങ്ങളും ഭക്ഷണവിഭവങ്ങളും ഒരുക്കിയിരുന്നു. ചില സ്ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെ തന്നെ ആദ്യദിനം തന്നെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Content Highlights: Dubai’s Marsa Boulevard has reopened for the winter season, welcoming visitors to enjoy its evening attractions and waterfront atmosphere.

dot image
To advertise here,contact us
dot image