

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റ് ആരംഭിച്ചു. മുന്‍ ലോക്സഭ സ്പീക്കര്‍ മീര കുമാറാണ് മോക്ക് പാര്‍ലമെന്റ് നിയന്ത്രിക്കുന്നത്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രമേയാവതരണം നടത്തി. ഇന്‍ഡ്യ സഖ്യ നേതാക്കള്‍ക്കൊപ്പം പ്രധാന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പൗരസമിതി പ്രതിനിധികളും പരിപാടിയില്‍ പങ്കാളികളാകുന്നുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് മോക്ക് പാര്‍ലമെന്റ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യം സഭയില്‍ സംസാരിച്ച് അധ്യക്ഷ മീര കുമാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ജനങ്ങളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കുറ്റപ്പെടുത്തി. കമ്മീഷനോടുള്ള ചോദ്യങ്ങള്‍ മറുപടി നല്കാന് അവര്‍ക്കായില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് വോട്ടര്‍ പട്ടികയാണെന്നും സഭാധ്യക്ഷ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ലോകം നോക്കുകയും മാതൃകയാക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മീര കുമാര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയാവതരണം നടത്തിയിത്. വോട്ട് പൗരന്റെ എറ്റവും വലിയ ശക്തിയാണെന്നും പോരാട്ടം ജനങ്ങളുടെ അധികാരം നിലനിര്‍ത്താനാണെന്നും ഖര്‍ഗെ പ്രമേയത്തില്‍ പറഞ്ഞു.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാന്‍ ഉള്ള പ്രമേയം പ്രതിപക്ഷം പാര്‍ലമെന്റില്‍ വെച്ചു. എന്നാല്‍ അത് പരിഗണിച്ചില്ല. പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുക എന്നതാണ് ബിജെപി ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആറ് കുറ്റങ്ങളാണ് പ്രമേയത്തില്‍ ഖര്‍ഗെ ഗ്യാനേഷിനെതിരെ മുന്നോട്ട് വെച്ചത്. വോട്ട് വെട്ടാന്‍ ഗൂഢാലോചന നടത്തി, 13.2 കോടി വോട്ടുകള്‍ വെട്ടി, പാര്‍ലമെന്റ് അറിയാതെ ഫോം 6 ല്‍ മാറ്റം വരുത്തി, ECINET ഏകപക്ഷീയമായി പിടിച്ചെടുത്തു, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ അവഗണിച്ചു, മോദി - അമിത് ഷാ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നിവയാണ് കുറ്റങ്ങളായി വിശദീകരിച്ചത്.
നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് നല്‍കണം. അധികാരം നിലനിര്‍ത്താന്‍ ബിജെപി ഏത് അറ്റം വരെയും പോകും. ബിജെപി ഗ്യാനേഷ് കുമാറിന് പ്രത്യേക പരിരക്ഷ നല്‍കുന്നെന്നും പ്രമേയം വിമര്ശനമമുയര്ത്തി. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയല്ല യഥാര്‍ത്ഥ വോട്ടര്‍മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാട്ടമെന്നും ഖര്‍ഗെ പറഞ്ഞു. പോരാട്ടത്തില്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിച്ചു. പ്രതിഷേധത്തെ അടിച്ചമര്‍ത്തി അരാജകത്വം ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു എന്നതടക്കം പ്രമേയത്തില്‍ ഖര്‍ഗെ വിശദീകരിച്ചു. സുതാര്യമല്ലാത്ത എസ്ഐആര്‍ റദ്ദാക്കാണം. ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കണം. അനധികൃതമായി നീക്കം ചെയ്ത വോട്ടുകള്‍ പുനഃസ്ഥാപിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരിരക്ഷ നല്കിയ നിയമ ഭേദഗതി പിന്‍വലിക്കണം. എന്നിവയാണ് പ്രമേയത്തില്‍ പ്രതിപക്ഷം ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ ബന്ധുക്കള്‍ വഴിവിട്ട സഹായങ്ങള്‍ ലഭിച്ചെന്നും ഖര്‍ഗെ പറഞ്ഞു. ഭരണഘടന വിരുദ്ധ നടപടികളുടെ പേരില്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ഗ്യാനേഷ് കുമാറിനെ ക്രിമിനല്‍ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പ്രമേയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
Content Highlights: The INDIA bloc has launched mock impeachment proceedings against Chief Election Commissioner Gyanesh Kumar at a mock Parliament organised at Mallikarjun Kharge’s residence. Former Lok Sabha Speaker Meira Kumar is presiding over the proceedings, while Rajya Sabha Opposition Leader Mallikarjun Kharge introduced the resolution. Leaders of INDIA bloc parties, student organisation representatives and members of civil society are also participating in the event.