

ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ബാറ്റിങ് താരം ഡെവണ്‍ കോണ്‍വേ തലയ്ക്കേറ്റ പരിക്ക് കാരണം ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പൂര്‍ണമായി പുറത്തായത് ന്യൂസിലാന്‍ഡിന് തിരിച്ചടിയായി. എന്നാല്‍ ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്റിക്ക് ശനിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കളിക്കാന്‍ മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചു.
ചൊവ്വാഴ്ച ഓക്ക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ നടന്ന പരിശീലന സെഷനിടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡെവണ്‍ കോണ്‍വേയും മാറ്റ് ഹെന്റിയും തമ്മില്‍ കൂട്ടിയിടിച്ചത്. ഇരു താരങ്ങളെയും ഉടന്‍ തന്നെ വിദഗ്ദ്ധ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കോണ്‍വേയെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കോണ്‍വേയ്ക്ക് കണ്‍കഷന്‍ സ്ഥിരീകരിച്ചത്.
ഇതോടെ പരമ്പരയിലെ ബാക്കി നാല് മത്സരങ്ങളും 35-കാരനായ കോണ്‍വേയ്ക്ക് നഷ്ടമാകും. നവംബര്‍ 19-ന് വെല്ലിംഗ്ടണില്‍ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയ്ക്ക് മുന്നോടിയായി പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കുകയാണ് ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം. ആക്സിഡന്റിനെ തുടര്‍ന്ന് ഓക്ക്ലന്‍ഡില്‍ നടന്ന ആദ്യ ഏകദിനത്തിലും കോണ്‍വേ കളിച്ചിരുന്നില്ല. മാര്‍ക്ക് ചാപ്മാന് (തൊടയിലെ പേശികള്‍ക്കേറ്റ പരിക്ക്), രചിന് രവീന്ദ്ര (തോളിനേറ്റ പരിക്ക്) എന്നിവരെ പരിക്കുകള്‍ മൂലം നേരത്തെ തന്നെ നഷ്ടമായ ബ്ലാക്ക് ക്യാപ്സിന് കോണ്‍വേയുടെ വിടവാങ്ങല്‍ വലിയ തിരിച്ചടിയാണ്. കോണ്‍വേയ്ക്ക് പകരം ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍ നിക് കെല്ലിയെ ന്യൂസിലാന്‍ഡ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൂട്ടിയിടിക്ക് ശേഷം കണ്‍കഷന്‍ പരിശോധനയ്ക്ക് വിധേയനായ പേസര്‍ മാറ്റ് ഹെന്റിക്ക് പരിക്കുകളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുകയും രണ്ടാം ഏകദിനത്തില്‍ കളിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. വലതുകാലിലെ പേശികള്‍ക്കേറ്റ പരിക്ക് കാരണം ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളും ഹെന്റിക്ക് നഷ്ടമായിരുന്നു. ഒന്നാം ഏകദിനത്തില്‍ കോണ്‍വേയ്ക്ക് പകരം ഓപ്പണറായി ഇറങ്ങിയ ടിം സീഫെര്‍ട്ട് 43 പന്തില്‍ 38 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും 5 വിക്കറ്റിന്റെ വിജയം നേടുകയും ചെയ്തിരുന്നു.
ശനിയാഴ്ച ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയിച്ച് പരമ്പരയില്‍ സമനില പിടിക്കാനാവും ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്. ആദ്യ കളി ജയിച്ച ഇന്ത്യ പരമ്പരയില്‍ ലീഡ് ഉയര്‍ത്താനും ശ്രമിക്കും.
content highlights: Injury Blow for New Zealand: Devon Conway Ruled Out of ODI Series, Matt Henry to Return for 2nd ODI