

ടോക്കിയോ: ജപ്പാനിലേക്കുള്ള ട്രിപ്പിനിടെ 'വിലപിടിപ്പുള്ള' ഒരു തലയണ വാങ്ങി വൈറലായിരിക്കുകയാണ് ഒരു ഇന്ത്യക്കാരി. ചാര്‍ട്ടേഡ് അക്കൗണ്ടൻ്റായ വിപാന്ദീപ് കൗര്‍ എന്ന യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ജപ്പാനിലെ നാനൂറ് വര്‍ഷം പഴക്കമുള്ള ഒരു ബെഡിങ് ബ്രാന്‍ഡ് ഷോപ്പില്‍ നിന്നും നാല്പതിനായിരം രൂപയുടെ തലയണയാണ് കൗര്‍ വാങ്ങിയത്. ജോലിയുടെ ഭാഗമായി നിരന്തരം ലാപ്ടോപ്പും മൊബൈല്‍ഫോണും ഉപയോഗിച്ചതാണ് തന്റെ കഴുത്ത് വേദനയ്ക്ക് കാരണമെന്നാണ് കൗര്‍ പറയുന്നത്. മികച്ച ഉറക്കം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇത്രയും രൂപ ചിലവഴിച്ച് താന്‍ തലയണ സ്വന്തമാക്കിയതെന്നാണ് ഇവര്‍ പറയുന്നത്.
'നിഷികാവ' എന്ന ബെഡിങ് ബ്രാന്‍ഡിന്റെ നിഹോന്ബാഷിയിലെ ഷോപ്പില്‍ നിന്നാണ് കൗര്‍ ഈ തലയണ വാങ്ങിയത്. നവംബര്‍ നാലിനാണ് തന്റെ ഷോപ്പിങ് അനുഭവം അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കസ്റ്റമൈസ് ചെയ്ത തലയണയുടെ ഉപയോഗവും അത് അവരുടെ ശരീരഘടനയ്ക്കും ഉറക്കശീലത്തിനും അനുസരിച്ച് എങ്ങനെയാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും യുവതി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ജപ്പാനിലെ വിദഗ്ധരുടെ ഒരു സംഘമാണ് ഈ തലയണ ഉണ്ടാക്കിയതെന്നാണ് അവര്‍ പറയുന്നത്.
കസ്റ്റമറിന്റെ കഴുത്തിന്റെ ഘടനയുടെ അളവ് കൃത്യമായി അളന്ന ശേഷം ഏത് ഫാബ്രിക്ക് ഉപയോഗിച്ചാണ് ഇവ തയ്യാറാക്കേണ്ടതെന്ന് തീരുമാനിക്കുന്നു. അനുയോജ്യമായ തുണി തെരഞ്ഞെടുത്തതിന് പിന്നാലെ പല അളവിലുള്ള തലയണകളില്‍ തല വെച്ച് കിടക്കാന്‍ ഇവര്‍ ആവശ്യപ്പെടും ഇതോടെ സ്ലീപിങ് ഹാബിറ്റുകള് മനസിലാക്കുകയും തലയണയുടെ ഉയരം തീരുമാനിക്കുകയും ചെയ്യും. ഇനിയാണ് തലയണയുടെ നിര്‍മാണം ആരംഭിക്കുന്നത്. ഈ തലയണയ്ക്കുള്ളില്‍ പഞ്ഞിയോ തുണിയോ അല്ല, ബ്ലാക്ക് ബിന്ചോതന് ചാര്‍ക്കോള്‍ പൈപ്പ് ബീഡുകളാണ് നിറയ്ക്കുന്നത്. ഇത് മികച്ച ഉറക്കം നൽകുന്നതിനൊപ്പം ശരിയായ രീതിയിൽ കിടക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.
മുമ്പ് താൻ ഉറക്കത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും പ്രായം കൂടുന്നതിന് അനുസരിച്ച് ഉറക്കമില്ലായ്മ അനുഭവപ്പെട്ടതാണ് തീരുമാനത്തിന് പിന്നിലെന്നും കൗര്‍ വിശദീകരിക്കുന്നുണ്ട്. അതിനാല്‍ ഇതൊരു മികച്ച ഇന്‍വെസ്റ്റ്മെന്റായാണ് താന്‍ കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗറിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇത്രയും പണം ചെലവാക്കാതെ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാളുടെ കമന്റ്, എന്നാല്‍ ഈ തലയണ ഒരുദിവസം പരീക്ഷിച്ച് നോക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.
Content Highlights: An Indian woman purchased a pillow worth Rs 40,000 from a 400-year-old Japanese shop after her neck pain worsened. The unusual purchase has drawn attention because of the pillow's high price and the shop's long history