

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 352 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം എതിരാളികള്‍ പിന്തുടര്‍ന്ന് ജയിച്ചതിന് പിന്നാലെ, ടീം പല കാര്യങ്ങളിലും വിജയിച്ചുവെങ്കിലും ചില മേഖലകളില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സമ്മതിച്ചു. ഇന്ത്യ മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയതെന്ന് ഗില്‍ കരുതിയെങ്കിലും, മഞ്ഞുവീഴ്ചയും നിശ്ചിത സമയത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ നാല് ഓവര്‍ വൈകിയതും അവസാന ഘട്ടത്തില്‍ കളി എതിരാളികളുടെ കൈകളിലെത്താന്‍ കാരണമായെന്ന് അദ്ദേഹം വിലയിരുത്തി. ഫീല്‍ഡിംഗിലെ പിഴവുകള്‍, കൈവിട്ട കേച്ചുകള്‍, ഡെത്ത് ഓവര്‍ ബൗളിംഗ് എന്നിവയാണ് ടീം ഉടന്‍ പരിഹരിക്കേണ്ട പ്രധാന മേഖലകളായി അദ്ദേഹം എടുത്തുകാണിച്ചത്.
ശനിയാഴ്ച മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 143 പന്തില്‍ പുറത്താകാതെ 162 റണ്‍സ് നേടിയ ഷായ് ഹോപ്പിന്റെ മികവിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയത്. 'ഞങ്ങള്‍ പോസിറ്റീവായ പല കാര്യങ്ങളും കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ ഇനിയും കൃത്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ടീം നേടിയ സ്‌കോറില്‍ ഞാന്‍ വളരെ സംതൃപ്തനായിരുന്നു. മത്സരം നമ്മുടെ നിയന്ത്രണത്തിലായിരുന്നു എന്നാണ് ഞാന്‍ കരുതിയത്, എന്നാല്‍ ഈ മഞ്ഞുവീഴ്ചയുള്ള സാഹചര്യത്തില്‍ നാല് ഓവറുകള്‍ വൈകിയതോടെ… അവസാന ഘട്ടത്തില്‍ അവര്‍ കളി നമ്മില്‍ നിന്ന് പിടിച്ചെടുത്തു' -മത്സരശേഷം ഗില്‍ പറഞ്ഞു.
ടീമിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു: 'ഒരു പരിധി വരെ സന്തോഷമുണ്ട്, എങ്കിലും ചില മേഖലകളില്‍ മെച്ചപ്പെടാനുണ്ട്. അതിലൊന്നാണ് ഫീല്‍ഡിങ്. ഞങ്ങള്‍ ഒരുപാട് ക്യാച്ചുകള്‍ കൈവിട്ടു. നമ്മുടെ ഫീല്‍ഡിങ് ഏറ്റവും മികച്ചതായിരിക്കണം. അതുപോലെ തന്നെ ഡെത്ത് ഓവര്‍ ബൗളിങ്ങിലും കൃത്യത വരുത്തേണ്ടതുണ്ട്. ചില സമയങ്ങളില്‍ നമ്മള്‍ ആക്രമിച്ചു കളിക്കുകയാണോ അതോ പ്രതിരോധിക്കുകയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വരുന്നു. അതിനാല്‍ ഇതെല്ലാം ഞങ്ങള്‍ മെച്ചപ്പെടുത്തേണ്ട ചില കാര്യങ്ങളാണ്' -അദ്ദേഹം പറഞ്ഞു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന അവസാന മത്സരത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് ഈ ആശ്വാസ ജയം സ്വന്തമാക്കിയത്. കെ.എല്‍. രാഹുല്‍ (129*), രോഹിത് ശര്‍മ്മ (92), ഋതുരാജ് ഗെയ്ക്വാദ് (57) എന്നിവരുടെ തിളക്കമാര്‍ന്ന പ്രകടനമാണ് ഇന്ത്യയെ 351/7 എന്ന സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍, ക്യാപ്റ്റന്‍ ഷായ് ഹോപ്പ് തകര്‍പ്പന്‍ സെഞ്ചുറിയുമായി അവസാന നിമിഷം വരെ ക്രീസില്‍ നിലയുറപ്പിച്ച് 48.2 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലെത്തിച്ചു. ആമിര്‍ ജംഗൂ (67), കീമോ പോള്‍ (44) എന്നിവരും ഈ റെക്കോര്‍ഡ് വിജയത്തില്‍ നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ചവെച്ചു.
content highlights: 'Why We Lost' - Shubman Gill Outlines Reasons Behind Defeat Against West Indies