

സഹീർ ഖാനെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ മുൻ നായകൻ എം എസ് ധോണിയുടെ ഭാവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. വരും സീസണിൽ ധോണി ഒരു കളിക്കാരനായി തന്നെ ടീമിലുണ്ടാകുമെന്ന് സിഎസ്കെ മാനേജ്‌മെന്റ് സ്ഥിരീകരിച്ചു.
നീണ്ട 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങിപ്പോൾ പകരം ധോണി ചെന്നൈ ടീമിന്‍റെ മുഖ്യ പരിശീലകനായോ മെന്‍ററായോ ചുമതലയേൽക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ധോണി ഒരു കളിക്കാരനായി തന്നെ ലഭ്യമാണെന്നും മറ്റ് റോളുകളൊന്നും നിലവിലില്ലെന്നും സിഎസ്കെ മാനേജിംഗ് ഡയറക്ടർ കാശി വിശ്വനാഥൻ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.
പരിക്കുകൾ മൂലം കഴിഞ്ഞ സീസണിലെ മത്സരങ്ങളിൽ ഭൂരിഭാഗവും നഷ്ടമായ 45-കാരനായ ധോണിയുടെ പ്രകടനം സഹീറിന് കീഴിൽ വരും സീസണിൽ എങ്ങനെയായിരിക്കുമെന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്.
2025 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്നു സഹീർ. പക്ഷേ ഒരു വർഷത്തിനുശേഷം അദ്ദേഹം സ്ഥാനം രാജിവച്ചു. 48 വയസ്സുള്ള സഹീർ ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചു. 2011 ലെ ഇന്ത്യ കിരീടം ചൂടിയ ലോകകപ്പിൽ 21 വിക്കറ്റുകൾ വീഴ്ത്തി താരം റെക്കോർഡിട്ടിരുന്നു.
content highlights:ms dhoni future csk response zaheer khan coach