

അപൂർവ രോഗത്തിന്റെ പിടിയിൽപ്പെട്ട് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ അന്തരിച്ചു. 39-ാം പിറന്നാളിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി വിട പറച്ചിൽ. ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് എന്ന അപൂർവ രോഗമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
രോഗപ്രതിരോധ ശേഷി തകരാറിലാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളത്. അമിതമായി പ്രതികരിക്കുന്ന രോഗപ്രതിരോധ സംവിധാനം മൂലം ഹൈപ്പർഇൻഫ്ലമേഷൻ ഉണ്ടാകുകയും ഇത് അസ്ഥി മജ്ജ, കരൾ, പ്ലീഹ, ലിംഫ് നോഡുകൾ എന്നിവയുൾപ്പെടെ ശരീരകലകൾക്ക് കേടുപാടുകൾ വരുത്തുകുയും ചെയ്യുന്നു.
അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ് ഷാപൂർ സദ്രാൻ. 2009 ൽ നെതർലൻഡ്‌സിനെതിരെയായിരുന്നും രാജ്യാന്തര ക്രിക്കറ്റില്‍ ഷാപൂറിന്‍റെ അരങ്ങേറ്റം. 2009 നും 2020 നും ഇടയിൽ 44 ഏകദിനങ്ങളും 36 ടി20 ഐകളും ഉള്‍പ്പെടെ 80 രാജ്യാന്തര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനായി ഷാപൂർ കളിച്ചിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിലുമായി 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജനുവരിയില്‍ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
content highlights: shapoor zadran afghanistan cricketer passes away at 38