

വനിതാ ടി 20 ലോകകപ്പിൽ ദയനീയ പ്രകടനമാണ് പാകിസ്താൻ നടത്തുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളും തോറ്റ പാക് പെൺപട ഗ്രൂപ്പ് റൗണ്ടിൽ നിന്ന് കടക്കില്ല എന്ന് ഉറപ്പായി. കഴിഞ്ഞ ലോകകപ്പിലും അവസാന സ്ഥാനക്കാരാണ് പാകിസ്താൻ പുറത്തായിരുന്നത്.
ടീമിനുള്ളിലും വൻഭിന്നതയാണ് ഉള്ളത്. ടീം മെന്ററും അനൗദ്യോഗിക ഹെഡ് കോച്ചുമായ വഹാബ് റിയാസും ക്യാപ്റ്റൻ ഫാത്തിമ സനയും തമ്മിൽ സെലക്ഷൻ കാര്യങ്ങളിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് സീനിയർ താരം ആലിയ റിയാസിന്റെ ഭർത്താവ് അലി യൂനിസ് ടീം ഹോട്ടലിലെ തന്റെ മുറിയിൽ താമസിക്കുന്നതിനെ സന എതിർത്തത് വാർത്തയായിരുന്നു. സനയുടെ നിർബന്ധപ്രകാരമാണ് അലി യൂനിസിനോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ അന്തിമമായി തീരുമാനിച്ചപ്പോൾ ആലിയയെ ഒഴിവാക്കണമെന്ന് സന നിർബന്ധം പിടിച്ചിരുന്നു. പക്ഷേ ഹെഡ് കോച്ച് വഹാബിന്റെ നിർബന്ധത്തിൽ ആലിയ കളിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല. ജൂൺ 27 ന് നെതർലാൻഡ്‌സുമായാണ് പാകിസ്താന്റെ അവസാന മത്സരം. ആശ്വാസ ജയമാണ് ടീം ലക്ഷ്യമിടുന്നത്.
Content highlights: pakistan captain fatima sana angry aaliya riaz husband hotel room breach t20 world cup