

സിംഗപ്പൂര്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ് ശിക്ഷ. ഇന്ത്യാക്കാരനായ ആകാശ് തിവാരി (35) ക്കാണ് സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചത്. ആറ് മാസത്തേക്കാണ് പ്രതിക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. തായ്‌ലാന്റില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂര്‍ എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം.
ഭക്ഷണം ഓഡര്‍ എടുക്കാനാന്‍ വന്ന എയര്‍ഹോസ്റ്റസിൻ്റെ കാലില്‍ ആകാശ് തിവാരി തൊടുകയും ഇത് കണ്ട് സുഹൃത്തുക്കള്‍ ചിരിക്കുകയും ചെയ്തു എന്നാണ് കോടതി രേഖകളില്‍ പറയുന്നത്. സംഭവം യുവതി സീനിയര്‍ ഉദ്യോഗസ്ഥനോട് പറയുകയും അദ്ദേഹം യുവതിയെ മറ്റൊരു സെക്ഷനിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ ആകാശ് വീണ്ടും യുവതിയെ പിന്തുടരുകയും പിന്നില്‍ കൈമുട്ടുകൊണ്ട് തൊടുകയും ചെയ്തു. വീണ്ടും എയർഹോസ്റ്റസ് സീനിയര്‍ ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടു. പിന്നാലെ അദ്ദേഹം ആകാശിനെ ചോദ്യം ചെയ്തെങ്കിലും താന്‍ ഒന്നും ചെയ്തിട്ടില്ല എന്ന നിലപാടാണ് ആകാശ് തിവാരി സ്വീകരിച്ചത്. യുവതിയോട് മാപ്പ് പറയാൻ തയ്യാറാകാതിരുന്ന ആകാശ് തിവാരി പരിഹാസഭാവത്തില്‍ പോവുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതി കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
വിമാനം സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം എയര്‍പോർട്ട് പൊലീസ് ആകാശിനെ അറസ്റ്റുചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതി യുവതിയോട് മോശമായി പെരുമാറിയെന്ന് വ്യക്തമായ കോടതി ഇയാള്‍ക്ക് ആറുമാസത്തെ ജയില്‍ ശിക്ഷയും തൊണ്ണൂറായിരം രൂപ പിഴയും വിധിക്കുകയായിരുന്നു.
Content Highlights: A Singapore court sentenced an Indian national to six months in prison for inappropriate conduct toward an air hostess