'വീണയുടെ അക്കൗണ്ടില്‍ പണം വന്നത് അഴിമതിയുടെ ഭാഗം': സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം

വീണയെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ തുറന്നടിച്ചു

'വീണയുടെ അക്കൗണ്ടില്‍ പണം വന്നത് അഴിമതിയുടെ ഭാഗം': സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം
dot image

കൊല്ലം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ ടിയുടെ കമ്പനിക്ക് പണം ലഭിച്ചത് അഴിമതിയുടെ ഭാഗമെന്ന് സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം. ഇടതുസര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. വീണയെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ തുറന്നടിച്ചു.

സിപിഐ ജില്ലാ നേതൃത്വത്തില്‍ രൂക്ഷ വിമര്‍ശനമാണ് വിഷയത്തിലുണ്ടായത്. വീണയുടെ അക്കൗണ്ടിലേക്ക് പണം വന്നത് ഇടതു സര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പണം വന്നെങ്കില്‍ അത് അഴിമതി തന്നെ. അവരെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐക്കില്ലെന്നും അംഗങ്ങള്‍ പ്രതികരിച്ചു.

സിപിഐഎം നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. സിപിഐയുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുന്നത് സിപിഐഎമ്മാണ്. കോണ്‍ഗ്രസോ ബിജെപിയോ മുസ്ലിം ലീഗോ അല്ല പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും വിമര്‍ശനമുയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീലുണ്ടായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.

ഇതിനിടെ സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടിയിരിക്കുകയാണ് വീണ ടി. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.

അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പ് അന്‍പത് പ്രകാരം കക്ഷി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. ഒരു ദിവസം അവധി നല്‍കിയാലും പിന്നീട് ഹാജരാകേണ്ടി വരും. ഈ വകുപ്പ് പ്രകാരം സമന്‍സ് നല്‍കിയാല്‍ ഇ ഡി ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും. ഒരു സിവില്‍ കോടതി നല്‍കുന്ന സമന്‍സിന് തുല്യമാണിത്. വെള്ളിയാഴ്ച അവധി നല്‍കിയാലും വീണ മറ്റൊരു ദിവസം ഇ ഡിക്ക് മുന്നില്‍ ഹാജരാകണം. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനായിരുന്നു ഇ ഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു.

Content Highlights: The Kollam CPI has alleged that payments received by Veena T’s company in the CMRL–Exalogic transaction are part of a corruption deal

dot image
To advertise here,contact us
dot image