

'കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ശ്രേയസ് എന്താണെന്ന് നമുക്ക് വ്യക്തമായറിയാം. അദ്ദേഹം എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നും നമുക്കറിയാം. വ്യത്യസ്ത ഫ്രാഞ്ചൈസികളെ നയിച്ച് അവിടെ വിജയങ്ങള്‍ സ്വന്തമാക്കിയ താരം കൂടിയാണ്. ഒരു ക്യാപ്റ്റന്റെ ഗുണ-വിശേഷണങ്ങളെല്ലാം അയാളിലുണ്ട്' -ശ്രേയസ് അയ്യരെ ക്യാപ്റ്റനായി നിയമിച്ചതിന് ശേഷം ചിഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ വാക്കുകളാണിത്. താരത്തിന്റെ സമീപ കാല പ്രകടനമെല്ലാം വിലയിരുത്തിയാണ് ക്യാപ്റ്റന്‍ പദവിയിലേക്ക് നയിച്ചത്.
സൂര്യകുമാറിനെ പുറത്താകിയ ശേഷമാണ് പുതിയ ക്യാപ്റ്റന്റെ സ്ഥാനാരോഹണം. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനമാണ് ആദ്യ കടമ്പ. ശേഷം ഏഷ്യന്‍ ഗെയിംസുണ്ട്. എല്ലാം നയിക്കുക ശ്രേയസ് അയ്യരാണ്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടീമിലുണ്ട്. വണ്ടര്‍ കിഡിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സീനിയര്‍ അരങ്ങേറ്റവും ടി20-യിലൂടെയാകും. വൈഭവ് സൂര്യവംശിയും ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടെയുണ്ടാകും.
വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശ്രേയസിനെ ക്യാപ്റ്റനാക്കിയത്. കോച്ച് ഗൗതം ഗംഭീറിന് ശ്രേയസിനെയല്ലായിരുന്നു താല്‍പര്യം. സഞ്ജു സാംസണോ ഇഷാന്‍ കിഷനോ ക്യാപ്റ്റനാകണമെന്നായിരുന്നു അദ്ദേഹം ബിസിസിഐക്ക് മുന്നില്‍വെച്ച നിര്‍ദേശം. എന്നാല്‍, ബിസിസിഐ ശ്രേയസ് അയ്യരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടി 20 ക്രിക്കറ്റിന്റെ ഭാവി കൂടി കണ്ടാണ് ശ്രേയസ് അയ്യരെ നായകനും തിലക് വര്‍മയെ ഉപനായകനുമാക്കിയത്. തിലക് വര്‍മ മികച്ച താരമാണെന്നും വൈസ് ക്യാപ്റ്റനാകുക വഴി അദ്ദേഹം തിളങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഗാര്‍ക്കര്‍ പറയുന്നു.
ഇന്ത്യന്‍ ടീം (ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ടി20 പര്യടനം):
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
ഇന്ത്യന്‍ ടീം (ഏഷ്യന്‍ ഗെയിംസ്): ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.
content highlights: Shreyas is deserving - Ajit Agarkar