

ഐ പി എൽ 2026 സീസൺ അവസാനിച്ചിരിക്കുകയാണ്. ഫെെനലിൽ ഗുജറാത്ത് ടെെറ്റൻസിനെ തോൽപ്പിച്ച് ആർസിബിയാണ് കപ്പ് നേടിയത്. എല്ലാ സീസണിലേതും പോലെ നിരവധി ഗംഭീര പ്രകടനങ്ങൾ ഇത്തവണത്തെ സീസണിലും കാണാനായി.
ഈ ഐപിഎൽ സീസണിന് ശേഷം ഇന്ത്യൻ ടീമിലേക്ക് ഇടം പ്രതീക്ഷിക്കുന്നവരിലെ പ്രധാനി വെെഭവ് സൂര്യവംശിയാണ്. 15കാരനായ വെെഭവ് റെക്കോഡ് പ്രകടനമാണ് ഇത്തവണത്തെ ഐപിഎല്ലിൽ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ വെെഭവിന് ഇന്ത്യ അയർലൻഡ് ടി20 പരമ്പരയിലൂടെത്തന്നെ അരങ്ങേറ്റം നൽകാൻ സാധ്യത കൂടുതലാണ്.
എന്നാൽ ഇന്ത്യ ടീമിലേക്കെടുക്കേണ്ട താരം വെെഭവ് സൂര്യവംശയില്ലെന്നും അത് ഭുവനേശ്വർ കുമാറാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഹമ്മദ് കെെഫ്.
'നിരവധി താരങ്ങൾ തിരിച്ചുവരവ് അർഹിക്കുന്നുണ്ട്. എന്നാൽ 15 താരങ്ങൾക്ക് മാത്രമേ ടീമിൽ ഇടം നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. 11 പേർക്ക് മാത്രമേ കളിക്കാൻ സാധിക്കൂ. വെെഭവിന് ഇനിയും കാത്തിരിക്കാം. എന്നാൽ ഇന്ത്യയുടെ ബൗളിങ് നിരയിൽ ഒരു ബൗളറുടെ അഭാവമുണ്ട്. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെ കൊണ്ടുവരാം. എന്നാൽ മൂന്നാം ബൗളറുടേയും നാലാം ബൗളറുടേയും അഭാവമുണ്ട്.
ഭുവനേശ്വർ കുമാറിന് മികച്ച ലെെനും ലെങ്തുമുണ്ട്. ഇപ്പോഴും മികച്ച സ്വിങ്ങും ഭുവിക്കുണ്ട്. ഇതെല്ലാം സ്ഥിരതയോടെ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുകയാണ് ഭുവനേശ്വർ. തനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് അവൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അവന് ഇപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിക്കുന്നുണ്ടെങ്കിൽ പ്രായം നോക്കാതെ ഭുവനേശ്വറിനെ തിരികെ വിളിക്കണം.
സമ്മർദ്ദ ഘട്ടത്തിലടക്കം എത്ര മനോഹരമായാണ് അവൻ പന്തെറിയുന്നത്. ആർസിബിയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഭുവനേശ്വർ. അവന് തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. ഏത് ബാറ്റ്സ്മാനെതിരേ എങ്ങനെ പന്തെറിയണമെന്ന് ഭുവനേശ്വറിന് നന്നായി അറിയാം.' യുട്യൂബ് ചാനലിൽ സംസാരിക്കവെ കെെഫ് പറഞ്ഞു.
Content highlight: mohammad-kaif-on-indian-t20-team-selection-picks-another-youngster-before-vaibhav-suryavanshi-malayalam-news