

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി സൂപ്പർ താരം ടിം ഡേവിഡിന് വിലക്ക്.
ഫൈനൽ മത്സരത്തിനിടെ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ പ്രകോപിതനായി ഐസ് ബാഗ് എറിഞ്ഞതിനാണ് ഓസ്ട്രേലിയൻ താരത്തിന് ഐപിഎൽ ഒരു മത്സരത്തിൽ നിന്ന് വിലക്കേർപ്പെടുത്തിയത്.
വിലക്കിന് പുറമെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായും താരം ഒടുക്കണം. ഇതോടെ അടുത്ത വർഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് ടിം ഡേവിഡിന്‍റെ സേവനം ലഭ്യമാകില്ല.
ഫൈനലിൽ ഗുജറാത്ത് ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിക്കറ്റ് വീണതിന് പിന്നാലെ ടിം ഡേവിഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിയുകയായിരുന്നു.
മത്സരത്തിനിടയിൽ പന്തോ, വാട്ടർ ബോട്ടിലോ, മറ്റ് ഉപകരണങ്ങളോ കളിക്കാർക്കോ ഒഫീഷ്യലുകൾക്കോ നേരെ അപകടകരമായ രീതിയിൽ എറിയുന്നത് തടയുന്ന ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 (ആർട്ടിക്കിൾ 2.9) ലംഘനമാണ് ടിം ഡേവിഡ് നടത്തിയത്.
ഈ സീസണിൽ ടിം ഡേവിഡ് നടത്തുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. നേരത്തെ ടൂർണമെന്‍റിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും താരം അച്ചടക്കലംഘനത്തിന് ഡിമെറിറ്റ് പോയിന്‍റുകൾ വാങ്ങിയിരുന്നു.
Content highlight: tim david suspended and fined for code of conduct breach ipl 2026