

2026 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ കലാശപ്പോരിലേക്ക് കടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. നാളെ വൈകിട്ട് 7:30 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് രജത് പാട്ടിദാറും സംഘവും ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. അന്ന് 92 റൺസിന്റെ കൂറ്റൻ ജയമായിരുന്നു ഗുജറാത്തിനെതിരെ ആർസിബി സ്വന്തമാക്കിയത്. 19.3 ഓവറിൽ ബെംഗളൂരു ബൗളിംഗ് നിര ഗുജറാത്തിന്റെ എറിഞ്ഞ് പിടിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം കിരീടാത്തതിൽ കുറഞ്ഞതൊന്നും ബെംഗളൂരുവും ബെംഗളൂരു ആരാധകരും ലക്ഷ്യമിടുന്നുണ്ടാകില്ല എന്നത് ഉറപ്പാണ്. അതേസമയം, 2022 ൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി അന്ന് നുണഞ്ഞ വിജയത്തിന്റെ മാധുര്യം വീണ്ടും ഒരിക്കൽകൂടി അറിയാനാകും നായകൻ ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും വരവ്. ഇതേ രാജസ്ഥാനെ രണ്ടാം ക്വാളിഫയറിൽ പരാജയപ്പെടുത്തിയാണ് ജിടിയുടെ 2026 ഐപിഎൽ സീസണിലെ ഫൈനൽ പ്രവേശനം എന്ന പ്രത്യേകതയും ഉണ്ട്.
നാളെ അഹമ്മദാബാദിൽ ഒരു വാശിയേറിയ പോരാട്ടം തന്നെ അരങ്ങേറും എന്നതിന് യാതൊരു സംശയവുമില്ല. ഇരുടീമുകളുടെയും ബാറ്റിംഗ് ബൗളിംഗ് നിരകൾ മോശമല്ല. ആർസിബി നായകൻ രജത് പാട്ടിദാറും ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലുമെല്ലാം തകർപ്പൻ ഫോമിലാണ്. മത്സരത്തിന്റെ ഒടുക്കം ആരുടെ മുഖത്താകും പുഞ്ചിരി വിടരുന്നതെന്നും ആരുടെ കണ്ണാകും നനയുന്നതെന്നും കണ്ട് തന്നെ അറിയണം.
Content highlight: IPL 2026 Final: Royal Challengers Bengaluru vs Gujarat Titans