15 കാരന് 12 കോടിയുടെ ഓഫര്‍; ബാറ്റ് സ്പോണ്‍സര്‍ഷിപ്പ് കരാറിന് ബ്ലാങ്ക് ചെക്ക്

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനായി മിന്നിയ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ ബ്രാൻഡ് മൂല്യം ഉയരുന്നു

15 കാരന് 12 കോടിയുടെ ഓഫര്‍; ബാറ്റ് സ്പോണ്‍സര്‍ഷിപ്പ് കരാറിന് ബ്ലാങ്ക് ചെക്ക്
dot image

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനായി മിന്നിയ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ ബ്രാൻഡ് മൂല്യം ഉയരുന്നു. ലോകോത്തര ബൗളർമാരെ അനായാസം അതിർത്തി കടത്തുന്ന 15-കാരൻ വൈഭവിന്‍റെ ബാറ്റ് സ്പോൺസർഷിപ്പിനായി പ്രമുഖ കോർപ്പറേറ്റ് കമ്പനികൾ കോടികളുമായി രംഗത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.

വർഷത്തിൽ 12 കോടി രൂപയുടെ റെക്കോർഡ് തുകയാണ് ഒരു പ്രമുഖ ടയര്‍ നിര്‍മാണ കമ്പനി വൈഭവിന് മുന്നില്‍ വെച്ചിരിക്കുന്നതെന്ന് 'ക്രിക് ബ്ലോഗർ' റിപ്പോർട്ട് ചെയ്തു.

ബാറ്റ് സ്‌പോൺസർഷിപ്പ് കരാറിൽ ഒപ്പിടാനായി രാജ്യത്തെ ഒരു പ്രമുഖ ബ്രാൻഡ് വൈഭവിന് 'ബ്ലാങ്ക് ചെക്ക്' വരെ ഓഫര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ സറീന്‍ സ്പോര്‍ട്സ്(എസ്എസ്) ആണ് പ്രതിവർഷം 50 ലക്ഷം രൂപക്ക് വൈഭവിന്‍റെ ബാറ്റ് സ്പോൺസർ ചെയ്യുന്നത്. എസ് എസുമായുള്ള വൈഭവിന്‍റെ കരാര്‍ ഉടന്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫറുകളുമായി വമ്പന്‍മാര്‍ രംഗത്തെത്തിയത്.

മികച്ച ഓഫറുകൾ വന്നാൽ എസ് എസുമായുള്ള കരാറിൽ നിന്ന് പിൻമാറാനും വൈഭവിന് അനുവാദമുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ എംആർഎഫ്, സിയറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ടയർ നിർമ്മാണ കമ്പനികളാണ് വൈഭവിന്‍റെ ബാറ്റ് സ്പോൺസര്‍ഷിപ്പിനായി കോടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ക്രിക്കറ്റ് ലോകത്ത് സാധാരണയായി ബാറ്റ് നിർമ്മാതാക്കൾ പരമാവധി 8 കോടി രൂപ വരെയാണ് ഒരു താരത്തിന് നൽകാറുള്ളത്. എന്നാൽ ടയർ നിർമ്മാണ രംഗത്തെ വമ്പന്മാർ പരസ്യ വിപണി പിടിക്കാൻ കോടികൾ ഒഴുക്കാൻ തയ്യാറായതാണ് വൈഭവിന്‍റെ മൂല്യം 12 കോടിയിലെത്തിച്ചത്. വൈഭവ് ഈ ഓഫർ സ്വീകരിച്ചാൽ ക്രിക്കറ്റ് സ്പോൺസർഷിപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായി ഇത് മാറും.

Content highlights:15-year-old-vaibhav-sooryavanshi-gets-12-crore-bat-sponsorship-deal-blank-cheque

dot image
To advertise here,contact us
dot image