

ഐപിഎല്ലിൽ ഹൈദരാബാദും ചെന്നൈയും തമ്മിൽ ചെപ്പോക്കിൽ നടന്ന മത്സരത്തിനിടയിലുണ്ടായ വാക് പോരിൽ സമവായം. ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെന്‍റിച്ച് ക്ലാസനും പ്രശ്നങ്ങൾ അവസാനിച്ചതായി പ്രഖ്യാപിച്ചു.
ഹൈദരാബാദ് ഇന്നിംഗ്സിനിടെയാണ് ഗ്രൗണ്ടില്‍ ചൂടേറിയ രംഗങ്ങൾ അരങ്ങേറിയത്. നൂര്‍ അഹമ്മദിന്‍റെ പന്തില്‍ ക്ലാസനെ സഞ്ജു മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരും ഗ്രൗണ്ടില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. സാധാരണയായി കളിക്കളത്തിലും പുറത്തും ശാന്തനായി പെരുമാറുന്ന സഞ്ജുവിൽ നിന്ന് ഇത്തരം ഒരു പ്രതികരണം ആരാധകരെയും അമ്പരപ്പിച്ചിരുന്നു.
ചെ പുറത്തായി മടങ്ങുമ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുകയായിരുന്ന സഞ്ജുവിനെ നോക്കി ക്ലാസന്‍ വിരല്‍ ചൂണ്ടി എന്തോ പറയുന്നതും അതിനോട് സഞ്ജു രൂക്ഷമായി പ്രതികരിക്കുന്നതും കാണാമായിരുന്നു. സഹതാരങ്ങള്‍ സഞ്ജുവിനെ അടക്കി നിര്‍ത്തിയപ്പോള്‍ ശിവം ദുബെ ഇടപെട്ട് ക്ലാസനെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് അമ്പയറോടും സഞ്ജു സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു.
സംഭവത്തിനുശേഷം ഇരുവരും ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളിക്കളത്തില്‍ ഇതെല്ലാം സാധാരണമാണെന്നും തങ്ങള്‍ തമ്മില്‍ പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമാക്കിയത്.
ദക്ഷിണാഫ്രിക്കൻ താരമായ ക്ലാസനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സഞ്ജു കുറിച്ചത്, കളിക്കളത്തിൽ ചില കാര്യങ്ങൾ സംഭവിക്കാറുണ്ട്, എന്നാൽ അതിനപ്പുറം ഈ വ്യക്തിയോട് എനിക്ക് വലിയ സ്നേഹവും ബഹുമാനവുമുണ്ട് എന്നായിരുന്നു.
ഉടൻ തന്നെ ക്ലാസൻ ഇതിന് മറുപടിയുമായി എത്തി. ഒരുപാട് സ്നേഹവും ബഹുമാനവും സുഹൃത്തേ. നിന്‍റെ കളി കാണാൻ എനിക്ക് എപ്പോഴും വലിയ ഇഷ്ടമാണ്. ഈ പ്രകടനം തുടരുക. നമ്മൾ തമ്മിൽ ഇപ്പോൾ യാതൊരു പ്രശ്നങ്ങളുമില്ല. നമ്മുടെ അടുത്ത പോരാട്ടത്തിനായി ഞാൻ കാത്തിരിക്കുന്നുവെന്ന് ക്ലാസൻ കുറിച്ചു.
content highlights:sanju-samson-heinrich-klaasen-friendship-chepauk-ipl