

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പ്ലേ ഓഫിലേക്കുള്ള ആവേശപ്പോര് മാത്രമല്ല, ഓറഞ്ച് ക്യാപ് ആര് നേടുമെന്നതും ഇപ്പോള്‍ സജീവ ചോദ്യമാണ്. ഓരോ ദിവസവും മാറിമറിയുകയാണ് ഓറഞ്ച് ക്യാപിനുള്ള അവകാശികള്‍. കുറച്ചുനാളായി സായ് സുദര്‍ശന്റെ പക്കലുണ്ടായിരുന്ന ക്യാപ് പിന്നീട് ഹെന്റിച്ച് ക്ലാസന്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെ, വൈഭവ് സൂര്യവംശി അത് സ്വന്തമാക്കിയിരിക്കുകയാണ്.
13 മത്സരങ്ങളില്‍നിന്ന് 579 റണ്‍സോടെയാണ് താരത്തിന്റെ നേട്ടം. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 53 സിക്‌സറുകളും 50 ഫോറുകളും ഉള്‍പ്പടെയാണ് വൈഭവിന്റെ നേട്ടമെന്നത് എടുത്തുപറയണം. അഥവാ, കളിയില്‍ 318 റണ്‍സെടുത്തത് വെറും സിക്‌സറിലൂടെയാണ്. 200 റണ്‍സ് നേടിയത് ഫോറുകളിലൂടെയും. കണക്കുകള്‍ നോക്കിയാല്‍ ആകെയെടുത്ത 579 റണ്‍സില്‍ 518 റണ്‍സ് നേടിയതും ബൗണ്ടറികള്‍ കടത്തിയാണ് എന്നുചുരുക്കം. 236.32 സ്‌ട്രൈക്ക് റേറ്റിലാണ് രാജസ്ഥാന്‍ താരം ബാറ്റുവീശുന്നത്.
13 മത്സരങ്ങളില്‍നിന്ന് 563 റണ്‍സുമായി മിച്ചല്‍ മാര്‍ഷ് രണ്ടാമതുണ്ട്. ലഖ്‌നൗ സൂപ്പര്‍താരം മാര്‍ഷ് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും നേടി. ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ 13 മത്സരങ്ങളില്‍നിന്ന് 555 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. ഗുജറാത്ത് താരം സായ് സുദര്‍ശന്‍ 554 റണ്‍സുമായി നാലാമതും ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 552 റണ്‍സോടെ അഞ്ചാം സ്ഥാനത്തുമാണുള്ളത്. വിരാട് കോഹ്ലിയും ആറാം സ്ഥാനം കരസ്ഥമാക്കി പട്ടികയിലുണ്ട്. പ്ലേ ഓഫിലേക്ക് ആര്‍സിബി എത്തിയതോടെ വിരാട് കോഹ്ലിക്ക് ഇനിയും മുന്നേറാനാകും. 477 റണ്‍സെടുത്ത സഞ്ജു സാംസണ്‍ പത്താമതാണ്.
content highlights: Stars for the Orange Cap fight