

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ മികച്ച വിജയത്തിന് ശേഷം ടീമിനെ വാനോളം പ്രശംസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ്. സഞ്ജു സാംസണ്‍ ടീമിന്റെ നട്ടെല്ലാണെന്നാണ് ഗെയ്ക്വാദ് വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ കാര്യമായ നേട്ടങ്ങളില്ലാത്ത സഞ്ജു ഡല്‍ഹിക്കെതിരെ മികച്ച ഇന്നിങ്‌സാണ് കളിച്ചത്. ഇതോടെ, ടീമിന്റെ ജയത്തോടൊപ്പം പ്ലേ ഓഫ് സാധ്യതകളും വര്‍ധിച്ചു. 'സഞ്ജു സാംസണ്‍ നന്നായി കളിച്ചു. ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ബാറ്റങ്ങില്‍ സഞ്ജുവിന്റെ കരുത്താണ് പ്രധാനം. അദ്ദേഹം ഞങ്ങളുടെ നട്ടെല്ലാണ്. ബൗളര്‍മാരുടെ മികവും എടുത്തുപറയേണ്ടതാണ്. അകീല്‍ ഹുസൈനും ജാമി ഓവര്‍ട്ടണും ഉള്‍പ്പടെ മികച്ച രീതിയില്‍ പന്തെറിയുന്നു. ഇതെല്ലാം ടീമെന്ന നിലയില്‍ പുരോഗതി കൈവരിക്കാനിടയാക്കുന്നു -ഗെയ്ക്വാദ് മത്സരശേഷം പറഞ്ഞു. കാര്‍ത്തിക് ശര്‍മയുടെ ഇന്നിങ്‌സിനെക്കുറിച്ചും ഗെയ്ക്വാദ് വാചാലനായി. അദ്ദേഹം ടീമിനുവേണ്ടിയുള്ള കളിയാണ് കാഴ്ചവെക്കുന്നത്. സമഗ്രമായ ഗെയിം പ്ലാനോടുകൂടിയാണ് കളിക്കുന്നത്. അത് ടീമിന് മൊത്തത്തില്‍ ഗുണം ചെയ്യുന്നുണ്ടെന്നും ഗെയ്ക്വാദ് പറഞ്ഞു. ഏതെങ്കിലും ബൗളറെ ആക്രമിച്ചുകളിക്കുക എന്നല്ല ലക്ഷ്യം വെച്ചതെന്നും നന്നായി അടിച്ചുകളിക്കുക എന്നായിരുന്നു ലക്ഷ്യമെന്നും കാര്‍ത്തിക് ശര്‍മ പ്രതികരിച്ചു.
സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ വലിയ ആവേശത്തോടെയാണ് ആരാധകരും നോക്കിക്കാണുന്നത്. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ സഞ്ജു സാംസണിന്റെ സ്‌കോര്‍ വെറും 11 മാത്രമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ എല്‍ ക്ലാസിക്കോയില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണിന് പിന്നീട് രണ്ടുമത്സരത്തില്‍ തിളങ്ങാനായില്ല. ഇതില്‍ ഒന്ന് മുംബൈക്കെതിരായ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടമായിരുന്നു. പക്ഷെ, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വീണ്ടും സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ദില്ലിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഈ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ ഒറ്റയക്കമായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍.
രാജസ്ഥാനെതിരെ ആറ്, പഞ്ചാബിനെതിരെ ഏഴ്, ആര്‍സിബിക്കെതിരെ ഒമ്പത് എന്നിങ്ങനെ. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈയിലെ ആദ്യമത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെ (115*) വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു സാംസണിനായി.
content highlights: Sanju is the backbone of the team, bowlers' performance was excellent; praised by Chennai captain