

ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത് എംഎസ് ധോണിയുടെ മടങ്ങി വരവിന് തന്നെയായിരിക്കും. ഇപ്പോൾ അതേ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ചെന്നൈ ക്യാമ്പിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. കാലിലെ പേശീവലിവിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പർ-ബാറ്റർ കളിക്കളത്തിലേക്ക് ഉടൻ തിരിച്ചുവരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 18 ശനിയാഴ്‌ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹൈദരാബാദിലേക്ക് പോകണോ എന്നതിൽ ഉടൻ ധോണി അന്തിമ തീരുമാനമെടുക്കും. പൂർണ ശാരീരികക്ഷമതയിലേക്ക് അദ്ദേഹം വീണ്ടെടുക്കുകയാണെന്നും, ധോണിയുടെ തീരുമാനം സിഎസ്‌കെയ്ക്ക് വലിയ ഉത്തേജനമാകുമെന്നുമാണ് നിലവിലെ വിലയിരുത്തൽ.
നേരത്തെ സീസൺ മൂന്നാം ആഴ്ച്ചയിലേക്ക് കടന്നിട്ടും, ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരുന്നു. പേശീവലിവിൽ നിന്ന് അദ്ദേഹം സുഖം പ്രാപിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, പരിശീലകൻ സ്‌റ്റീഫൻ ഫ്ലെമിംഗിന്റെ പുതിയ പ്രതികരണങ്ങൾ ധോണിയുടെ തിരിച്ചുവരവ് അടുത്തെത്തിയെന്ന സൂചനയും നൽകുന്നു.
പേശീവലിവിനെത്തുടർന്ന് ഐപിഎൽ 2026ലെ ആദ്യ രണ്ടാഴ്‌ച ധോണിക്ക് നഷ്‌ടമാവുമെന്ന് മാർച്ച് 28-ന് സിഎസ്കെ തങ്ങളുടെ സമൂഹമാധ്യമ പേജുകളുടെ പങ്കുവച്ചിരുന്നു. ആ സമയപരിധി കഴിഞ്ഞിട്ടും, തലയെ ആ മഞ്ഞ ജേഴ്‌സിയിൽ ചെപ്പോക്കിൽ കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ധോണിയുടെ അഭാവത്തിലും അദ്ദേഹത്തിന്റെ സ്വാധീനം ഫ്ലെമിംഗ് ചൂണ്ടിക്കാട്ടി. തന്ത്രങ്ങളിലും ഒരുക്കങ്ങളിലും ധോണി ടീമിനൊപ്പം സജീവമായി ഇടപെടാറുണ്ടെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. ഏപ്രിൽ 18-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തിൽ ധോണിയെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് സിഎസ്കെ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷകളും ശക്തമാവുകയാണ്.
Content Highlights: ms dhoni ipl 2026 return announcement csk news