

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ വികസന ഏജൻസിയായ യുഎൻഡിപിയാണ് ഇത്തരമൊരു മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ദാരിദ്ര്യം കൂടും
സംഘർഷം രൂക്ഷമായാൽ ഇന്ത്യയിൽ ഏകദേശം 25 ലക്ഷം ആളുകൾ പുതുതായി ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പോകാൻ സാധ്യതയുണ്ട്. നേരത്തെ ഇത് 4 ലക്ഷം പേരെ ബാധിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. യുദ്ധം കാരണം ഇന്ധന വിലയും മറ്റ് അവശ്യസാധനങ്ങളുടെ ഇറക്കുമതി ചെലവും വർദ്ധിക്കും. ഇത് സാധാരണക്കാരന്റെ നിത്യജീവിത ചെലവ് കൂട്ടുകയും സാധനങ്ങൾ വാങ്ങാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യും. വരുമാനം കുറയുന്നതും വില കൂടുന്നതും കാരണം ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യം പല കുടുംബങ്ങളിലും ഉണ്ടാകാം. ഏഷ്യ-പസഫിക് മേഖലയ്ക്ക് ആകെ ഏകദേശം 25 ലക്ഷം കോടി രൂപയുടെ ഭീമമായ നഷ്ടം ഈ സംഘർഷം മൂലം ഉണ്ടായേക്കാം എന്നാണ് സൂചനകൾ.
വില കുതിച്ചുയരും
പശ്ചിമേഷ്യയിൽ സംഘർഷമുണ്ടാകുമ്പോൾ ആഗോളതലത്തിൽ ചരക്ക് നീക്കം തടസ്സപ്പെടുകയും ഇന്ധന വില കുതിച്ചുയരുകയും ചെയ്യും. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ ഇത് കൃഷി, ഗതാഗതം, തൊഴിൽ മേഖലകളെ നേരിട്ട് ബാധിക്കുന്നതിനാലാണ് ഇത്രയധികം ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത്.
ദൂരെയെവിടെയോ നടക്കുന്ന യുദ്ധമാണെന്ന് കരുതാമെങ്കിലും, അത് നിങ്ങളുടെ അടുക്കള ബജറ്റിനെയും രാജ്യത്തിന്റെ വികസനത്തെയും ഒരുപോലെ പിന്നോട്ടടിക്കാൻ കാരണമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘർഷം രൂക്ഷമായാൽ ലോകത്താകെ ദാരിദ്ര്യത്തിലേക്ക് വീഴുന്നവരുടെ എണ്ണം 19 ലക്ഷത്തിൽ നിന്ന് 88 ലക്ഷമായി ഉയരാൻ സാധ്യതയുണ്ട്.
ദക്ഷിണേഷ്യ കിതയ്ക്കും
ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ഈ മേഖലയിൽ മാത്രം ഏകദേശം 80 ലക്ഷം പേർ പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടാൻ സാധ്യതയുണ്ട്. ഈ രാജ്യങ്ങളിലെ വലിയ ജനസംഖ്യയും, വിലക്കയറ്റം താങ്ങാനുള്ള ജനങ്ങളുടെ കുറഞ്ഞ ശേഷിയുമാണ് ഇതിന് കാരണം. ചൈനയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യത്തിലേക്ക് വീഴുന്നവരുടെ എണ്ണത്തിൽ താരതമ്യേന കുറഞ്ഞ വർദ്ധനവേ ഉണ്ടാകൂ, ഏകദേശം 1.15 ലക്ഷത്തിൽ നിന്ന് 6.20 ലക്ഷം വരെ. അവരുടെ സാമ്പത്തിക ഭദ്രത ഇതിൽ വലിയൊരു ഘടകമാണ്.
Content highlights: A new UNDP report warns that escalating Middle East tensions could push 2.5 million Indians into poverty due to rising fuel costs, inflation, and reduced purchasing power.