രാഘവ് ചദ്ദയുടെ Z പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

താന്‍ പാര്‍ലമെന്റില്‍ പോയത് ബഹളം വയ്ക്കാനല്ല, ജനങ്ങളുടെ ശബ്ദമുയര്‍ത്താനാണെന്ന് രാഘവ് പറഞ്ഞിരുന്നു

രാഘവ് ചദ്ദയുടെ Z പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍
dot image

ചണ്ഡീഗഢ്: ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദയുടെ Z പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. ബുധനാഴ്ചയാണ് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. രാഘവ് ചദ്ദയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരോടും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോടും എത്രയുംവേഗം പൊലീസ് ആസ്ഥാനത്ത് തിരികെയെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഇതോടെയാണ് Z പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച വിവരം പുറത്തായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ശബ്ദമുയര്‍ത്തുന്നില്ലെന്നും പകരം 'സോഫ്റ്റ് പിആര്‍' ആണ് ചെയ്യുന്നതെന്നും ആരോപിച്ച് ഏപ്രില്‍ രണ്ടിന് രാഘവിനെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്നും എഎപി പുറത്താക്കിയിരുന്നു. താന്‍ പാര്‍ലമെന്റില്‍ പോയത് ബഹളം വയ്ക്കാനല്ല, ജനങ്ങളുടെ ശബ്ദമുയര്‍ത്താനാണ് എന്നായിരുന്നു രാഘവ് ചദ്ദയുടെ മറുപടി.

രാഘവ് ചദ്ദ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തുനല്‍കിയത്.  രാഘവിന് പകരം പഞ്ചാബില്‍ നിന്നുളള രാജ്യസഭാ എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്നും രാഘവിന് എഎപിയുടെ ക്വാട്ടയില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം അനുവദിക്കേണ്ടതില്ലെന്നും രാജ്യസഭാ സെക്രട്ടറിയേറ്റിന് അയച്ച കത്തില്‍ എഎപി പറഞ്ഞിരുന്നു.

ഇതോടെ എഎപിയ്ക്ക് മറുപടിയുമായി രാഘവ് രംഗത്തെത്തി. തന്നെ നിശ്ശബ്ദനാക്കിയിരിക്കാം, പക്ഷെ പരാജയപ്പെട്ടിട്ടില്ല എന്നാണ് രാഘവ് ചദ്ദ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളാണ് താൻ പാർലമെന്റിൽ ഉയർത്തിയതെന്നും എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത് എന്നറിയില്ലെന്നും രാഘവ് ചദ്ദ പറഞ്ഞു. ജനങ്ങൾക്കൊപ്പം താൻ എപ്പോഴും ഉണ്ടാകുമെന്നും രാഘവ് വ്യക്തമാക്കിയിരുന്നു.

2022-ല്‍ രാജ്യസഭയിലെ പ്രായംകുറഞ്ഞ എംപിയായ രാഘവ് ചദ്ദ 2023-ലാണ് എഎപിയുടെ ഡെപ്യൂട്ടി ലീഡറായത്. എഎപിയുടെ പഞ്ചാബില്‍ നിന്നുളള എംപിയാണ് രാഘവ് ചദ്ദ. നിലവില്‍ രാജ്യസഭയില്‍ പത്ത് എംപിമാരാണ് എഎപിയ്ക്ക് ഉളളത്. അതില്‍ ഏഴുപേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നുമുളളവരാണ്. രാഘവ് അച്ചടക്ക ലംഘനം നടത്തുന്നതായും പാര്‍ട്ടി നിലപാട് പാലിക്കുന്നില്ലെന്നുമാണ് പാർട്ടിയിൽ നിന്നും ഉയരുന്ന ശക്തമായ വിമർശനം.

Content Highlights: Punjab government withdraws Raghav Chadha's Z Plus category security

dot image
To advertise here,contact us
dot image