പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം; എണ്ണക്കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ പോയിരുന്നു. പിന്നീട് ഇത് 70 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും, ഇറാനുനേരെയുള്ള ഇസ്രായേല്‍-യുഎസ് ആക്രമണങ്ങളെത്തുടര്‍ന്ന് വിതരണ തടസ്സം ഭയന്ന് വില വീണ്ടും 120 ഡോളറിലേക്ക് ഉയര്‍ന്നു

പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം; എണ്ണക്കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്
dot image

രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പെട്രോള്‍, ഡീസല്‍ വില്‍പനയിലൂടെ വലിയ നഷ്ടം നേരിടുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചിട്ടും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാതെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ കണക്കുകളനുസരിച്ച് 'അണ്ടര്‍ റിക്കവറി' എന്ന രീതിയില്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസല്‍ ലിറ്ററിന് 35 രൂപവരെയും നഷ്ടമുണ്ടാകുന്നതായാണ് കണക്ക്.

petrol pump

പത്ത് വര്‍ഷം മുമ്പ് തന്നെ ഇന്ധനവില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയിരുന്നെങ്കിലും 2022 ഏപ്രില്‍ മുതല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ പോയിരുന്നു. പിന്നീട് ഇത് 70 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും, ഇറാനുനേരെയുള്ള ഇസ്രായേല്‍-യുഎസ് ആക്രമണങ്ങളെത്തുടര്‍ന്ന് വിതരണ തടസ്സം ഭയന്ന് വില വീണ്ടും 120 ഡോളറിലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 2,400 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെ ഈ നഷ്ടം പ്രതിദിനം 1,600 കോടി രൂപയായി കുറഞ്ഞു. ഈ നികുതി കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറാതെ കമ്പനികളുടെ നഷ്ടം നികത്താനാണ് ഉപയോഗിച്ചത്. പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധനവില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മക്വാരി ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടാകുന്ന ഓരോ 10 ഡോളറിന്റെ വര്‍ധനയും ഇന്ധന വിപണനത്തില്‍ ലിറ്ററിന് 6 രൂപയുടെ നഷ്ടമുണ്ടാക്കുന്നു.

ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം എണ്ണ ഇറക്കുമതിയുടെ 45 ശതമാനംവരെ മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ്. 35 ശതമാനം വിഹിതവുമായി റഷ്യയാണ് മുന്നില്‍. അമേരിക്കയില്‍നിന്ന് ആറുശതമാനം എണ്ണ വാങ്ങുന്നുണ്ട്. യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നടക്കം ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിനെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പെട്രോളിന് 11.9 രൂപയും ഡീസല്‍ ലിറ്ററിന് 7.8 രൂപയുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നികുതി കുറയ്ക്കുന്നതിനുപകരം അടുത്ത പടിയായി വില വര്‍ധന നടപ്പാക്കുന്നതിനാണ് സാധ്യത കൂടുതല്‍. ഏപ്രിലില്‍ ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരി വില വീപ്പയ്ക്ക് 123.24 ഡോളറാണ്. മാര്‍ച്ചിലിത് 113.49 ഡോളറായിരുന്നു.

ഇന്ധന നികുതി ഇനിയും കുറയ്ക്കുന്നത് രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിപ്പിക്കാന്‍ കാരണമാകും. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 80-85 ഡോളറിലെത്തിയാല്‍ മാത്രമേ കമ്പനികള്‍ക്ക് നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആഗോള വിപണിയിലെ വിലവര്‍ധന ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കാത്തത് എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജനങ്ങള്‍ക്ക് ഇന്ധനവില വര്‍ധന നേരിടേണ്ടി വന്നേക്കാമെന്നാണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Fuel price freeze: Rs 18/litre loss on petrol, Rs 35 on diesel

dot image
To advertise here,contact us
dot image