മുംബൈയ്ക്ക് എന്താ കൊമ്പുണ്ടോ? ഹാർദിക്കിന് ആവാം, സ്റ്റബ്സിന് പാടില്ല! ഗ്ലൗസ് മാറ്റത്തില്‍ വിവാദം

ചെന്നൈ സൂപ്പർ കിം​ഗ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ട്രിസ്റ്റൻ സ്റ്റബ്സിനെ ​ഗ്ലൗസ് മാറ്റാൻ നിഷേധിച്ചതും തൊട്ടടുത്ത പന്തിൽ ഡൽ​ഹി താരം പുറത്തായതും വലിയ വാർത്തയായിരുന്നു

മുംബൈയ്ക്ക് എന്താ കൊമ്പുണ്ടോ? ഹാർദിക്കിന് ആവാം, സ്റ്റബ്സിന് പാടില്ല! ഗ്ലൗസ് മാറ്റത്തില്‍ വിവാദം
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് - റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു മത്സരത്തിന് പിന്നാലെ അമ്പയറിംഗ് വിവാദം. വാംഖഡെയിൽ നടന്ന മത്സരത്തിൽ‌ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഓവറിനിടെ രണ്ടുതവണ ഗ്ലൗസ് മാറ്റാൻ അമ്പയർമാർ അനുവാദം നൽകിയതാണ് ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിം​ഗ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ട്രിസ്റ്റൻ സ്റ്റബ്സിനെ ​ഗ്ലൗസ് മാറ്റാൻ നിഷേധിച്ചതും തൊട്ടടുത്ത പന്തിൽ ഡൽ​ഹി താരം പുറത്തായതും വലിയ വാർത്തയായിരുന്നു. സ്റ്റബ്സ് പുറത്തായതിന് പിന്നാലെ അതിനെച്ചൊല്ലി നിതീഷ് റാണ അമ്പയറുമായി തർക്കിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഹാർദിക്കിന്റെ കാര്യത്തിലേക്ക് വന്നപ്പോൾ 24 മണിക്കൂറിനുള്ളിൽ നിയമങ്ങൾ മാറിമറിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മുംബൈയുടെ മറുപടി ബാറ്റിങ്ങിന്റെ 12-ാം ഓവറില്‍ രണ്ട് തവണയാണ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ ഗ്ലൗസ് മാറ്റിയത്. ആദ്യ പന്തില്‍ ഫോറടിച്ച ഹാര്‍ദിക്കിന് വേണ്ടി ഗ്ലൗസുമായി മുംബൈ താരമെത്തി. അടുത്ത പന്ത് ഡോട്ട് ബോളായതോടെ വീണ്ടും പുതിയ ഗ്ലൗസുമായി ഡഗൗട്ടില്‍ നിന്നും കളിക്കാരനെത്തി. ഈ സമയം സബ്സ്റ്റിറ്റ്യൂട്ട് താരത്തോട് വേഗത്തില്‍ ഗ്രൗണ്ട് വിടാന്‍ അമ്പയര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിം​ഗ്സിനെതിരായ മത്സരത്തില്‍ ഡല്‍ഹി താരം ട്രിസ്റ്റൻ സ്റ്റബ്സിനെ ഓവറിനിടയില്‍ ഗ്ലൗസ് മാറാന്‍ അമ്പയര്‍ അനുവദിച്ചിരുന്നില്ല. 19-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഗ്ലൗസ് മാറ്റാന്‍ സ്റ്റബ്സ് അംപയറോട് അനുവാദം ചോദിച്ചിരുന്നു. പുതിയ ഗ്ലൗസുമായി കരുൺ നായർ ബൗണ്ടറി ലെെനിന് അരികിലേക്ക് എത്തുകയും ചെയ്തു. എന്നാൽ അമ്പയർ ഇതിന് സമ്മതിച്ചിരുന്നില്ല. ഓവർ ആരംഭിച്ചതിന് പിന്നാലെ ഇത്തരത്തിൽ ഗ്ലാസ് മാറ്റാനായി പോകാനാവില്ലെന്നും ഓവറിന് ശേഷം കൊടുക്കാമെന്നുമാണ് അമ്പയർ പറഞ്ഞത്. ഐപിഎല്‍ നിയമപ്രകാരം ഓവറിന് മധ്യേ ബാറ്റ്സ്മാന് ഗ്ലൗസോ മറ്റോ മാറ്റാന്‍ അനുവാദമില്ലെന്നതായിരുന്നു ഇതിന് അമ്പയറുടെ ന്യായം.

ഇതുമായി ബന്ധപ്പെട്ട് നിതീഷ് റാണയും അമ്പയറും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. എന്നിട്ടും അമ്പയർ ഗ്ലൗസ് നൽകാൻ അനുവാദം നൽകിയില്ല. പിന്നാലെ സ്റ്റബ്സ് പുറത്താവുകയും മത്സരം സിഎസ്കെയ്ക്ക് അനുകൂലമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. സ്റ്റബ്സിന്റെ ഗ്ലൗസിന് ഗ്രിപ്പ് കിട്ടുന്നുണ്ടായിരുന്നില്ല. ഡ്രസിങ് റൂമിലെത്തിയ സ്റ്റബ്സ് ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്.

എന്നാൽ ഇതേ കാര്യത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് അനുവാദം നൽകിയതിന് പിന്നാലെ രണ്ടു മത്സരങ്ങളിലെയും വേര്‍തിരിവ് ചോദ്യം ചെയ്യുകയാണ് ആരാധകര്‍. ഓരോ ടീമുകള്‍ക്കും വ്യത്യസ്ത നിയമങ്ങളാണോ എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. അംപയര്‍മാറുമ്പോള്‍ നിയമം മാറുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. മത്സരത്തില്‍ 40 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്. ആർസിബി പടുത്തുയർത്തിയ 241 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്.

Content Highlights: IPL 2026: Controversy after MI vs RCB, Hardik Pandya Was Allowed to Change Gloves but Tristan Stubbs Was Not

dot image
To advertise here,contact us
dot image