

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യവിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നെെ സൂപ്പർ കിങ്സ്. 23 റൺസിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയ സിഎസ്കെ മൂന്ന് തോൽവികൾക്ക് ശേഷമാണ് വിജയവഴിയിൽ എത്തിയിരിക്കുന്നത്. ഫോമിലേക്കുയർന്ന മലയാളി താരം സഞ്ജു സാംസണിന്റെ കിടിലൻ സെഞ്ച്വറിയും ജാമി ഓവർട്ടണിന്റെ നാല് വിക്കറ്റ് പ്രകടനവും ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമായി.
എന്നാൽ ഇപ്പോൾ ചെന്നൈ- ഡൽഹി മത്സരത്തിന് പിന്നാലെ വിവാദവും പുകയുകയാണ്. ഡൽഹി ക്യാപിറ്റൽസ് താരം ട്രസ്റ്റൻ സ്റ്റബ്സിന്റെ വിക്കറ്റിനെച്ചൊല്ലിയാണ് വിവാദം ശക്തമാവുന്നത്. ഡൽഹിക്ക് വേണ്ടി 38 പന്തിൽ നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 60 റൺസ് അടിച്ചെടുത്ത സ്റ്റബ്സ് കിടിലൻ പ്രകടനമാണ് കാഴ്ചവെച്ചത്. 19ാം ഓവറിലെ മൂന്നാം പന്തിലാണ് ജാമി ഓവർട്ടൻ സ്റ്റബ്സിനെ പുറത്താക്കിയത്. ഈ വിക്കറ്റ് സിഎസ്കെയുടെ വിജയത്തിൽ നിർണ്ണായകമായി മാറുകയും ചെയ്തു.
എന്നാൽ വിക്കറ്റ് നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് സ്റ്റബ്സ് ഗ്ലൗസ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ ഗ്ലൗസുമായി കരുൺ നായർ ബൗണ്ടറി ലെെനിന് അരികിലേക്ക് എത്തുകയും ചെയ്തു. എന്നാൽ അമ്പയർ ഇതിന് സമ്മതിച്ചിരുന്നില്ല. ഓവർ ആരംഭിച്ചതിന് പിന്നാലെ ഇത്തരത്തിൽ ഗ്ലാസ് മാറ്റാനായി പോകാനാവില്ലെന്നും ഓവറിന് ശേഷം കൊടുക്കാമെന്നുമാണ് അമ്പയർ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് നിതീഷ് റാണയും അമ്പയറും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. എന്നിട്ടും അമ്പയർ ഗ്ലൗസ് നൽകാൻ അനുവാദം നൽകിയില്ല. പിന്നാലെ സ്റ്റബ്സ് പുറത്താവുകയും മത്സരം സിഎസ്കെയ്ക്ക് അനുകൂലമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. സ്റ്റബ്സിന്റെ ഗ്ലൗസിന് ഗ്രിപ്പ് കിട്ടുന്നുണ്ടായിരുന്നില്ല.
ഡ്രസിങ് റൂമിലെത്തിയ സ്റ്റബ്സ് ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഇതേസമയം അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സഹതാരം നിതീഷ് റാണ, പരിശീലകന്‍ ഹേമാങ് ബദാനി എന്നിവരുൾപ്പെടെ ഡഗൗട്ടിലെ കളിക്കാരും സപ്പോർട്ട് സ്റ്റാഫും നാലാം അംപയറുമായി തർക്കിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ നിയമപ്രകാരം ഓവറിന് മധ്യേ ബാറ്റ്സ്മാന് ഗ്ലൗസോ മറ്റോ മാറ്റാന്‍ അനുവാദമില്ല. ബൗളർ പന്ത് നൽകാൻ സജ്ജമാകുമ്പോൾ ബാറ്റർ തയ്യാറായിരിക്കണം. വൈകുന്നതിന് പിഴ ചുമത്താനും നിയമം അനുവദിക്കുന്നുണ്ട്.
Content Highlights: ipl 2026, CSK Vs DC: Nitish Rana Clashes With Umpire Over Tristan Stubbs Gloves Denial