

ഇന്ത്യ സന്ദര്‍ശിക്കാറുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമുകളും പ്രതിനിധിസംഘങ്ങളും പതിവായി മയക്കുമരുന്ന് കടത്ത് നടത്താറുണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്. മണി ആരോപിച്ചു. 2006-ല്‍ നിരോധിത ഉത്തേജക മരുന്നായ 'നാന്‍ഡ്രോലോണ്‍' ഉപയോഗിച്ചതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഷൊയ്ബ് അക്തര്‍, മുഹമ്മദ് ആസിഫ് എന്നിവരുടെ പേരുകളും മണി എടുത്തുപറഞ്ഞു.
പി.സി.ബി നടത്തിയ ആഭ്യന്തര ഉത്തേജക പരിശോധനയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അക്തറിന് രണ്ട് വര്‍ഷത്തെയും ആസിഫിന് ഒരു വര്‍ഷത്തെയും വിലക്കാണ് ലഭിച്ചിരുന്നത്. 2006 ഒക്ടോബറില്‍ ഇന്ത്യയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍, ജയ്പൂരില്‍ ശ്രീലങ്കയ്‌ക്കെതിരായ പാകിസ്താന്റെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
'പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഷൊയ്ബ് അക്തറും മുഹമ്മദ് ആസിഫും തങ്ങളുടെ പക്കല്‍ മയക്കുമരുന്ന് ഉണ്ടെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഇവരെ തിരിച്ചയച്ച ഒരു കേസ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ടീമുകളും പ്രതിനിധിസംഘങ്ങളും ഇന്ത്യയില്‍ വന്നപ്പോഴൊക്കെ അവര്‍ ഇവിടെ മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. -2006-2010 കാലഘട്ടത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ച മണി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ഇന്ത്യയിലേക്ക് മയക്കുമരുന്ന് തള്ളുക എന്നത് പാകിസ്താന്റെ ഒരു ഔദ്യോഗിക നയമാണ്. അവര്‍ പ്രശസ്തരും ഉയര്‍ന്ന പദവികളിലുള്ളവരുമാണ്. പാകിസ്താന്‍ ടീമിലെ മറ്റ് ചിലരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ലായിരിക്കാം, എന്നാല്‍ ടീം മുഴുവന്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു, അവര്‍ ഇത് ചെയ്യാറുണ്ടായിരുന്നു,' -മണി ആരോപിച്ചു.
മുന്‍ പാകിസ്താന്‍ കോച്ച് ബോബ് വൂള്‍മറുടെ മരണത്തിന് പിന്നിലും ഇതാണെന്ന് മണി ആരോപിച്ചു. പാക് കളിക്കാരുടെ മയക്കുമരുന്ന് കടത്തിനെ വൂള്‍മര്‍ എതിര്‍ത്തിരുന്നതായാണ് മണിയുടെ വാദം. 2007-ലെ ക്രിക്കറ്റ് ലോകകപ്പില്‍ അയര്‍ലന്‍ഡിനോട് പാകിസ്താന്‍ അപ്രതീക്ഷിതമായി തോറ്റതിന് തൊട്ടുപിന്നാലെ, 58 കാരനായ ബോബ് വൂള്‍മറെ ജമൈക്കയിലെ കിങ്സ്റ്റണിലുള്ള ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. 'പാകിസ്താന്‍ കളിക്കാരുടെ മയക്കുമരുന്ന് കടത്തിനെ എതിര്‍ത്ത അവരുടെ ഇംഗ്ലീഷ് കോച്ച് ബോബ് വൂള്‍മര്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്. ഈ സംഭവങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പാകിസ്താന്‍ പ്രതിനിധികള്‍ മയക്കുമരുന്ന് കൊണ്ടുവരാറുണ്ടായിരുന്നു. അന്നത്തെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ കണക്കനുസരിച്ച്, ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കുള്ള ഫണ്ടിന്റെ 30 ശതമാനവും മയക്കുമരുന്ന് കച്ചവടത്തില്‍ നിന്നാണ് വന്നിരുന്നത്,' -ആര്‍.വി.എസ്. മണി ആരോപിച്ചു.
content highlights: 'Pakistan teams and delegations have smuggled drugs into India' - RVS Mani