

ഇന്ത്യൻ പ്രീമിയർ ലീഗിലെ എതിര്‍ ടീമില്‍ നിന്ന് സ്വന്തം ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവതാരത്തെ തെരഞ്ഞെടുത്ത് രജത് പാട്ടീദാറും ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും. തുടര്‍ച്ചയായ രണ്ടാം സീസണിലും ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര താരം വൈഭവ് സൂര്യവംശി പുറത്തെടുക്കുന്നത്. അതിന് പിന്നാലെയാണ് ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്ന ആ താരത്തെ മൂന്ന് പേരും തെരഞ്ഞെടുത്തത്. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മൂവരുടെയും ഈ പ്രതികരണം.
ഐപിഎല്ലിലെ മറ്റൊരു ഫ്രാഞ്ചൈസിയിൽ നിന്ന് ഏത് ഇന്ത്യൻ താരത്തെയാണ് നിങ്ങൾ ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാന്‍ ഗില്ലിന് ആലോചിക്കേണ്ടി വന്നില്ല. രാജസ്ഥാന്‍റെ ആ യുവ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ പേരാണ് ഗിൽ ഉത്തരമായി നൽകിയത്. ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഒരു അർധസെഞ്ചുറി അടക്കം തകർപ്പൻ പ്രകടനമാണ് വൈഭവ് പുറത്തെടുത്തിട്ടുള്ളത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെറും 15 പന്തിലായിരുന്നു താരത്തിന്റെ ആ അർധസെഞ്ച്വറി നേട്ടം.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകൻ ഇഷാൻ കിഷനും ചോദ്യത്തിന് ഉത്തരമായി നൽകിയത് വൈഭവ് സൂര്യവംശിയുടെ പേരുതന്നെ. ഹൈദരാബാദിന്റെ ആക്രമണ ശൈലിക്ക് ഏറ്റവും അനുയോജ്യനായ താരം വൈഭവായിരിക്കുമെന്നാണ് ഇഷാൻ കിഷൻ നൽകിയ മറുപടി. 'വൈഭവ് സൂര്യവംശി ഞങ്ങളുടെ ടീമിലേക്ക് വരുകയാണെങ്കിൽ അത് ഗംഭീരമായിരിക്കും. ഞങ്ങളുടെ ടീമിന്‍റെ കളിയുമായി അവന് പെട്ടെന്ന് പൊരുത്തപ്പെടാൻ സാധിക്കും. ഓപ്പണിംഗിൽ വൈഭവ് അടിച്ചുതകർക്കുന്നത് കാണാൻ നല്ല ഭംഗിയാണ്', ഇഷാൻ കിഷൻ വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുമ്രയെ രണ്ട് തവണ സിക്സറിന് പറത്തിയാണ് വൈഭവ് ഏവരെയും ഞെട്ടിച്ചത്. വെറും 14 പന്തിൽ നിന്ന് അന്ന് താരം അടിച്ചെടുത്തത് 39 റൺസായിരുന്നു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ രജത് പാട്ടീദാറിനും വലിയ ആശാകുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവിടെയും ഉത്തരം വൈഭവ് സൂര്യവംശി എന്ന തന്നെ. കഴിഞ്ഞ വർഷം നടന്ന മെഗാ താര ലേലത്തിലൂടെയായിരുന്നു വൈഭവിനെ 1.1 കോടിക്ക് രാജസ്ഥാൻ റോയൽസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ വൈഭവ്, ഈ സീസണില്‍ 49 പന്തിൽ നിന്ന് 122 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. നേടിയതില്‍ 87 ശതമാനം റൺസും ബൗണ്ടറികളിലൂടെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
Content highlight: Shubman Gill, Ishan kishan and Rajat Patidar want same player