

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർതോൽവികളിൽ വലയുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ തേടി ആശ്വാസവാർത്ത. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡെവാൾഡ് ബ്രെവിസ് പരിക്കുമാറി ടീമിൽ തിരിച്ചെത്തുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ നാളെ ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിൽ ബ്രെവിസ് കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിഹാസതാരം എം എസ് ധോണിയുടെ തിരിച്ചുവരവിനെ കുറിച്ചും ആശ്വാസകരമായ അപ്ഡേഷനുകളാണ് സിഎസ്കെ ആരാധകരെ തേടിയെത്തുന്നത്. മുൻ ക്യാപ്റ്റൻ ധോണിയും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ആദ്യഘട്ട ഫിറ്റ്നസ് ടെസ്റ്റിൽ ധോണി വിജയിച്ചിരുന്നു. വരും ദിവസങ്ങളിൽ ഒരു തവണ കൂടി ധോണി ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാവും. ഇതിലും വിജയിച്ചാല്‍ ഏപ്രിൽ 1-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ധോണി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡെവാൾഡ് ബ്രെവിസും ധോണിയും തിരിച്ചെത്തുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന് വലിയ കരുത്താകുമെന്നാണ് കരുതുന്നത്. സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു 'ബേബി എബി' എന്നറിയപ്പെടുന്ന ഡെവാൾഡ് ബ്രെവിസിന് പരിക്കേൽക്കുന്നത്. പിന്നാലെ ചെന്നൈ കളിച്ച ആദ്യ മൂന്ന് മത്സരങ്ങളും ബ്രെവിസിന് നഷ്ടമായിരുന്നു. ഈ മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെടുകയും ചെയ്തു.
നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമെന്ന് കരുതപ്പെടുന്ന ബ്രെവിസിന്റെ വരവ് ചെന്നൈയുടെ പതറുന്ന മധ്യനിരയ്ക്ക് വലിയ ആശ്വാസമാകും. 2025 സീസണിൽ പകരക്കാരനായി ചെന്നൈയിലെത്തിയ ബ്രെവിസ് തന്റെ തകർപ്പൻ ബാറ്റിംഗിലൂടെ ചെന്നൈ ആരാധകരുടെ പ്രിയതാരമായി മാറിയിരുന്നു.
Content Highlights: IPL 2026: Dewald Brevis Fit To Play Against DC, MS Dhoni To Make Comeback Vs KKR: Report