ഇടിയുടെ പൊടിപൂരം! വമ്പൻ ആക്ഷനുമായി കാട്ടാളൻ എത്തുന്നു; റിലീസ് അപ്‌ഡേറ്റ് പുറത്ത്

ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് പോസ്റ്ററിലൂടെ മനസിലാക്കാൻ സാധിക്കുന്നത്

ഇടിയുടെ പൊടിപൂരം! വമ്പൻ ആക്ഷനുമായി കാട്ടാളൻ എത്തുന്നു; റിലീസ് അപ്‌ഡേറ്റ് പുറത്ത്
dot image

ക്യൂബ്‌സ് എന്റർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന സിനിമയാണ് കാട്ടാളൻ. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന ഒരു അപ്‌ഡേറ്റും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള റിലീസ് അപ്‌ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.

ചിത്രം മെയ് മാസത്തിൽ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവന്നു. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് പോസ്റ്ററിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് തായ്ലൻഡിലായിരുന്നു തുടക്കം കുറിച്ചത്. ലോക പ്രശസ്ത തായ്ലൻഡ് മാർഷ്യൽ ആർട്‌സ് ചിത്രമായ ഓങ്-ബാക്കിന്റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് കാട്ടാളൻ ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് കാട്ടാളൻ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ് രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകൾ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡൻറ് ലാബ്‌സ് ആണ് ടൈറ്റിൽ ഗ്രാഫിക്‌സ്.

Content Highlights: Antony Peppe film Kattalan new poster with release date out now

dot image
To advertise here,contact us
dot image